ലണ്ടൻ ∙ വളര്‍ത്തു നായയുടെ ഉമിനീരിൽ നിന്നുണ്ടായ അണുബാധ മൂലം 56 കാരിക്ക് കൈകാലുകൾ നഷ്ടമായി. യുകെയിൽ നിന്നുള്ള മൻജിത് സാംഘയ്ക്കാണ് ദുരനുഭവമുണ്ടായത്.
അപ്രതീക്ഷിതമായി എത്തിയ ദുരന്തം
2025 ജൂലൈയിൽ ഓഫിസിൽ നിന്നു മടങ്ങിയെത്തിയ മൻജിത്തിന് ചെറിയ ശാരീരിക അസ്വസ്ഥതകളാണ് ആദ്യം അനുഭവപ്പെട്ടത്. എന്നാൽ അടുത്ത ദിവസം രാവിലെയായപ്പോഴേക്കും സ്ഥിതി ഗുരുതരമായി. ശരീരം തണുത്തു മരവിക്കുകയും, ചുണ്ടുകൾ നീലനിറമാകുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ബോധരഹിതയായ മൻജിത്തിനെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ പലതവണ ഹൃദയാഘാതമുണ്ടായെങ്കിലും അദ്ഭുതകരമായി അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
വില്ലനായത് ഉമിനീരിലെ ബാക്ടീരിയ
പരിശോധനയിൽ യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന ചെറിയ മുറിവിൽ നായ നക്കിയതാണ് അണുബാധയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. നായയുടെ ഉമിനീരിലൂടെ കാപ്നോസൈറ്റോഫാഗ കാനിമോർസസ് (Capnocytophaga canimorsus) എന്ന ബാക്ടീരിയ രക്തത്തിൽ കലരുകയും അത് രൂക്ഷമായ 'സെപ്സിസ്' അവസ്ഥയിലേക്ക് നയിക്കുകയുമായിരുന്നു. അണുബാധ ശരീരത്തിലാകെ പടരാന്‍ തുടങ്ങിയതോടെ രണ്ട് കാലുകളും കാൽമുട്ടിന് താഴെയായി മുറിച്ചുമാറ്റേണ്ടിവന്നു. പിന്നാലെ കൈകളും മുറിച്ചുമാറ്റി.
∙ കാപ്നോസൈറ്റോഫാഗ കാനിമോർസസ്
നായ്ക്കളുടെയും പൂച്ചകളുടെയും ഉമിനീരിൽ സാധാരണയായി കണ്ടുവരുന്ന ബാക്ടീരിയയാണ്. മൃഗങ്ങൾക്ക് ഇത് ദോഷകരമല്ലെങ്കിലും, മനുഷ്യരുടെ രക്തത്തിൽ കലർന്നാൽ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാനും മരണത്തിന് വരെയും കാരണമായേക്കാം.
Tags:
latest
