Trending

ലാസ്റ്റ് മൈൽ കണക്ടിവിറ്റി’; സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി


 

കാസർകോട്:നഗര-ഗ്രാമ പ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനും ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ ഉറപ്പാക്കാനും സംസ്ഥാനത്ത് പുതിയ 503 ബസ് റൂട്ടുകൾക്ക് അനുമതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച ‘കേരള പബ്ലിക് ട്രാൻസ്പോർട്ട് അർബൻ -റൂറൽ ഇന്റഗ്രേഷൻ ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി’ പദ്ധതിപ്രകാരമാണ് റൂട്ടുകൾ അനുവദിച്ച് മോട്ടോർവാഹന വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരിൽനിന്നു ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് റൂട്ടുകളിൽ‌ തീരുമാനമെടുത്തത്. റൂട്ടുകളിൽ മാറ്റംവരുത്താൻ സർക്കാരിന് അധികാരമുണ്ട്. പുതിയ ലൈസൻസ് നൽകാനും പുതുക്കാനുമുള്ള അധികാരം ബന്ധപ്പെട്ട റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റിക്കാണ് (ആർ.ടി.എ.).

അഞ്ചുവർഷമാണ് ലൈസൻസ് കാലാവധി. തൃപ്തികരമായ സേവനം നടത്തിയാൽ ലൈസൻസ് പുതുക്കിനൽകും.ഓരോ റൂട്ടിലും അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം റൂട്ടിന്റെ സാധ്യതയനുസരിച്ച് പരിമിതപ്പെടുത്തും. സമയക്രമം ആർ.ടി.എ. തീരുമാനിക്കും. ഡ്രൈവർക്കും കണ്ടക്ടർക്കും സാധുവായ ലൈസൻസ് ഉണ്ടെന്ന് ലൈസൻസ് ഉടമ ഉറപ്പാക്കണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുമുണ്ടാകണം.

ലൈസൻസ് പുതിയ വാഹനങ്ങൾക്ക്

ലൈസൻസ് കേരളത്തിൽ രജിസ്റ്റർചെയ്ത പുതിയ സ്റ്റേജ്കാര്യേജ് വാഹനങ്ങൾക്ക്
വാഹനം ബസ് ബോഡി കോഡ് വ്യവസ്ഥകൾ പാലിക്കുന്നതാകണം
സ്പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം, ഡിജിറ്റൽ ടൈം പഞ്ചിങ് സൗകര്യം എന്നിവ വാഹനത്തിലുണ്ടാകണം
കുറഞ്ഞത് അഞ്ച് ക്യാമറകളും ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെടുന്നത് തിരിച്ചറിയാനുള്ള സെൻസറോടുകൂടിയ ക്യാമറയും വേണം
ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഇടതുവശത്തുമുണ്ടാകണം
അപേക്ഷ ഓൺലൈനായി

ആർ.ടി.എ. പൊതുവിജ്ഞാപനത്തിലൂടെ അപേക്ഷ ക്ഷണിക്കും
ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ നൽകണം
അപേക്ഷകൾ ആർ.ടി.എ. പരിശോധിച്ച് വ്യവസ്ഥകൾക്കനുസൃതമായി ലൈസൻസ് അനുവദിക്കും
അർഹരായ അപേക്ഷകരുടെ എണ്ണം ലഭ്യമായ ലൈസൻസുകളുടെ എണ്ണത്തെക്കാൾ കൂടുതലാണെങ്കിൽ ഓൺലൈൻ ലേലം വഴിയാകും ലൈസൻസ് അനുവദിക്കുക
ലൈസൻസ് അനുവദിക്കൽ, പുതുക്കൽ, കൈമാറ്റം, റദ്ദാക്കൽ എന്നിവയ്ക്ക് 5500 രൂപയാണ് ഫീസ്
ലേലത്തിൽ വിജയിക്കുന്നവർ നടപടി പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ ലേലത്തുക അടയ്ക്കണം

Post a Comment

Previous Post Next Post