കുറ്റ്യാടി : അർധരാത്രിയിൽ റോഡിൽതനിച്ചായ കുടുംബത്തിന് സഹായഹസ്തവുമായി പോലീസ്. മാനന്തവാടിയിൽനിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ കമ്പനി നസീറിനും കുടുംബത്തിനും തൊണ്ടർനാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീണും നിസാബ് പാലക്കലും മനുഷ്യസ്നേഹത്തിന്റെയും നന്മയുടെയും കരങ്ങൾ നീട്ടിയത്.
ചുരത്തിൽ എത്തിയപ്പോൾ നസീറിന്റെ കാറിലെ പെട്രോൾ തീരുകയായിരുന്നു. ചുരമിറങ്ങി കുറ്റ്യാടിവരെ കാർ ഓടിച്ചെത്താൻ കഴിയില്ലെന്ന് അറിഞ്ഞതോടെ നസീർ കാർ തിരിച്ച് വീണ്ടും കോറോത്ത് എത്തുകയായിരുന്നു. എന്നാൽ, അവിടെയുള്ള പെട്രോൾപമ്പും അടച്ചതോടെ കുടുംബം കാർ അടുത്തുള്ള ഹോട്ടലിന് സമീപം പാർക്കുചെയ്ത് നസീർ പോലീസ് കൺട്രോൾറൂം നമ്പറായ 100-ൽ ബന്ധപ്പെട്ട് പോലീസിനെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. അവിടെനിന്ന് തൊണ്ടർനാട് പോലീസിനെ ബന്ധപ്പെടാൻ പറയുകയായിരുന്നു. പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെനിന്ന് പ്രവീണും നിസാബും സ്റ്റേഷനിൽനിന്ന് എത്തിച്ചേരുകയായിരുന്നു.
പെട്രോൾ വാങ്ങിയായിരുന്നു അവർ വന്നത്. പെട്രോൾ വണ്ടിയിൽ ഒഴിച്ച് സ്റ്റാർട്ടാക്കിയതിനുശേഷമാണ് നസീറിനെയും കുടുംബത്തെയും പോലീസുകാർ പറഞ്ഞയച്ചത്. വീട്ടിലെത്തിയാൽ തിരികെ വിളിക്കണമേ എന്ന സ്നേഹത്തോടെയുള്ള ഓർമ്മപ്പെടുത്തലും നൽകിയിരുന്നു. അർധരാത്രിയിൽ ഉണ്ടായ പ്രയാസം പോലീസുകാരുടെ സമയോചിതമായ ഇടപെടലിലൂടെ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നസീറും കുടുംബവും.
Tags:
latest