Trending

വെബ്സൈറ്റ് തുറന്നില്ല; റബ്ബർ താങ്ങുവില വർധിപ്പിച്ചിട്ടും കർഷകരുടെ കാത്തിരിപ്പ് നീളുന്നു

വടക്കഞ്ചേരി: സംസ്ഥാനസർക്കാർ റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയായി വർധിപ്പിച്ചെങ്കിലും കർഷകരുടെ കാത്തിരിപ്പ് നീളുന്നു. നവംബർ ഒന്നിനാണ് റബ്ബർ ഉത്പാദന പ്രോത്സാഹനപദ്ധതിയിൽ താങ്ങുവില 180 രൂപയിൽനിന്ന് 200 ആക്കിയത്.

താങ്ങുവില ലഭിക്കണമെങ്കിൽ കർഷകർ റബ്ബർബോർഡിന്റെ വെബ്സൈറ്റ് മുഖാന്തരം ആദ്യം രജിസ്‌ട്രേഷൻ പുതുക്കണം. തുടർന്ന്, റബ്ബർ വിറ്റതിന്റെ ബില്ല് റബ്ബർ ഉത്പാദക സംഘങ്ങൾ (ആർപിഎസ്) മുഖാന്തരം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി ഡിസംബർ പകുതിയോടെ വെബ്സൈറ്റ് തുറക്കണമെന്ന് റബ്ബർ ബോർഡ് അധികൃതർ അറിയിച്ചിരുന്നെങ്കിലും തുറന്നില്ല. ജനുവരിയായിട്ടും രജിസ്‌ട്രേഷൻ പുതുക്കാനാവാത്തതിനാൽ ഈ സീസണിൽ ആനുകൂല്യം ലഭിക്കാതാകുമോ എന്നാണ് കർഷകരുടെ ആശങ്ക.

വിപണിവിലയും 200 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സർക്കാർ അനുവദിക്കുക. 185 രൂപയാണ് നിലവിലെ റബ്ബർവില. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിസ്സാരപ്രശ്നമേ ഉള്ളൂവെന്നും ഇത് പരിഹരിച്ചുവരികയാണെന്നും രജിസ്‌ട്രേഷൻ പുതുക്കുന്നതിന് തടസ്സങ്ങളില്ലെന്നും റബ്ബർബോർഡ് അധികൃതർ അറിയിച്ചു. ഏതെങ്കിലും ആർപിഎസുകൾക്ക് തടസ്സമുണ്ടായാൽ അതത് റീജണൽ ഓഫീസിൽ ബന്ധപ്പെട്ടാൽ ഉടൻ പരിഹരിച്ച് നൽകും. രജിസ്‌ട്രേഷൻ പുതുക്കൽ പൂർത്തിയായാൽ ഡിസംബർ 15വരെയുള്ള ബില്ലുകളും കർഷകർക്ക് അപ്‌ലോഡ് ചെയ്യാം. പദ്ധതിയിൽ മുമ്പ് രജിസ്റ്റർചെയ്തവർക്ക് മാത്രമേ ഇപ്പോൾ ആനുകൂല്യത്തിന് അപേക്ഷിക്കാൻ സാധിക്കൂ. പുതിയ രജിസ്‌ട്രേഷൻ സർക്കാരിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കാകും ആരംഭിക്കുക.


Post a Comment

Previous Post Next Post