Trending

വയനാട്ടിൽ റഡാർ സ്ഥാപിക്കുന്നു; വികസിത രാജ്യങ്ങളിലേതിന് സമാനമായി കാലവസ്ഥാനിരീക്ഷണം മാറും




കാസർകോട്: കാലാവസ്ഥയിലുണ്ടാകുന്ന ചെറുമാറ്റങ്ങളും ഒപ്പിയെടുക്കാൻ സാധിക്കുംവിധം മാറാനൊരുങ്ങി സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ. വയനാട് പുൽപ്പള്ളിയിൽ റഡാർ സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ കേരളം മുഴുവൻ കാലവസ്ഥാ റഡാർ നിരീക്ഷണത്തിന് കീഴിലാകും. മൂന്നോ നാലോ മാസത്തിനുള്ളിൽ റഡാർ സ്ഥാപിക്കുന്ന പണി പൂർത്തിയാക്കി ട്രയൽ റണ്ണിലേക്ക് കടക്കാനാകുമെന്നാണ് കേന്ദ്ര കാലവസ്ഥാവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്.

നിലവിൽ പ്രവർത്തനമാരംഭിച്ച മംഗളൂരുവിലെ കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ റഡാർ സേവനങ്ങൾ വടക്കൻ ജില്ലകളിലും ലഭിക്കുന്നുണ്ട്. മഴ, കാറ്റ്, ഇവയ്ക്ക് കാരണമാകുന്ന അന്തരീക്ഷമർദം, കാലാവസ്ഥാവ്യതിയാനം എന്നിവ കൃത്യമായും സൂക്ഷ്മമായും മുൻകൂട്ടി മനസ്സിലാക്കാനും മുന്നറിയിപ്പ് നൽകാനും സാധിക്കുന്ന സി-ബാൻഡ് ഡോപ്ലർ റഡാറാണ് കഴിഞ്ഞവർഷം നവംബറിൽ മംഗളൂരുവിൽ പ്രവർത്തനസജ്ജമായത്. ശക്തിനഗറിലെ കാലാവസ്ഥാവകുപ്പിന്റെ ഓഫീസിലാണ് റഡാർ സ്ഥാപിച്ചത്

200 കിലോമീറ്റർ ഇടവിട്ട് നിരീക്ഷണ സംവിധാനം

വയനാട്ടിലെ റഡാർകൂടി പ്രവർത്തനം തുടങ്ങിയാൽ വികസിത രാജ്യങ്ങളിലേതിന് സമാനമായി സംസ്ഥാനത്തെ കാലവസ്ഥാനിരീക്ഷണം മാറും.

ഇതോടെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കാലാവസ്ഥ നിരീക്ഷണ സംവിധനങ്ങൾ തമ്മിലുള്ള ദൂരപരിധി നിലവിലുള്ള 600 കിലോമീറ്റർ എന്നതിൽനിന്ന് 200 കിലോമീറ്ററായി കുറയും. അങ്ങനെ വരുമ്പോൾ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന രീതിയിലുള്ള പരിഹാസങ്ങൾക്കും അറുതിവരും.

കാലാവസ്ഥാ നിരീക്ഷണത്തിനായി വടക്കൻ കേരളത്തിൽ ഒരു റഡാർകൂടി സ്ഥാപിക്കണമെന്നത് ഒന്നരപ്പതിറ്റാണ്ടിലേറെയായുള്ള ആവശ്യമാണ്.

ചൂരൽമല-മുണ്ടക്കൈ ദുരന്തവും റഡാർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി. 100 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥാ നിരീക്ഷണം നടത്താവുന്ന എക്‌സ് ബാൻഡ് റഡാറാണ് വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്നത്.

മഴമേഘങ്ങളുടെ സവിശേഷ സ്വഭാവവും ചലനവും നിരീക്ഷിക്കാമെന്നതാണ് എക്‌സ് ബാൻഡ് ഡോപ്ലർ വെതർ റഡാറിന്റെ പ്രത്യേകത. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്കും ഈ റഡാറിന്റെ പ്രയോജനം ലഭിക്കും.

Post a Comment

Previous Post Next Post