പനമരം(വയനാട്): കമ്പളക്കാട് വണ്ടിയാമ്പറ്റയിലെ ജനവാസമേഖലയിൽ കടുവയെത്തി. കമ്പളക്കാട് ടൗണിലെ ഓട്ടോഡ്രൈവറായ കക്കാട്ടുമ്മൽ അജ്മലാണ് കടുവയെ കണ്ടത്. കോട്ടത്തറ പഞ്ചായത്തിലെ നാലാംവാർഡായ വണ്ടിയാമ്പറ്റ അമൃതരാജിന്റെ വീടിന് മുൻപിൽ കോട്ടത്തറ-വണ്ടിയാമ്പറ്റ-കമ്പളക്കാട് റോഡിലായിരുന്നു അജ്മൽ കടുവയെ കണ്ടത്.
ശനിയാഴ്ച രാവിലെതന്നെ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ശനിയാഴ്ച പുലർച്ചെ 12.10-ഓടെയാണ് ഓട്ടോറിക്ഷ ഓട്ടം കഴിഞ്ഞുവരുന്നതിനിടെ അജ്മൽ കടുവയെ കണ്ടത്. കമ്പളക്കാടുനിന്ന് വെണ്ണിയോട് കരിഞ്ഞകുന്നിലേക്ക് ഓട്ടംപോയി യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നതിനിടെ വണ്ടിയാമ്പറ്റയിലെ കയറ്റത്തിൽവെച്ച് റോഡരികിലെ ഇല്ലിക്കൂട്ടത്തിൽ ഒരു ജീവിയുടെ തല കാണുകയായിരുന്നു. തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ പശുവാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, ഇല്ലിക്കൂട്ടത്തിൽനിന്ന് റോഡിലേക്കിറങ്ങിയതോടെയാണ് കടുവയാണെന്ന് മനസ്സിലായത്. ഇതോടെ ഭീതിയിലായ അജ്മൽ വാഹനം നിർത്തി കടുവയുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയായിരുന്നു. ദൃശ്യം നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വനമേഖലയില്ലാത്ത പ്രദേശമായതിനാൽ പ്രചരിക്കുന്നത് എഐ ചിത്രമാണെന്നായിരുന്നു പലരും കരുതിയത്. എന്നാൽ, ശനിയാഴ്ച രാവിലെ കല്പറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. ഹാഷിഫിന്റെ നേതൃത്വത്തിലുള്ള വനപാലകരും ആർആർടി ടീമും സ്ഥലത്തെത്തി അജ്മലിന്റെ ഫോണിലെ ചിത്രം പരിശോധിച്ചു. ഇതോടെ പ്രദേശത്തെത്തിയത് കടുവതന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. റോഡ് മുറിച്ചുകടന്ന കടുവ അമൃതരാജിന്റെ തോട്ടത്തിലെ തിണ്ടിലൂടെ ചവിട്ടിക്കയറിയാണ് പോയത്.
ഇവിടെ മണ്ണിളകി ചെറിയ പാടുകളുണ്ടെങ്കിലും കടുവയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. വനപാലകസംഘം സമീപത്തെ തോട്ടങ്ങളിലൂടെ പരിശോധന നടത്തി. എന്നാൽ, പാദങ്ങളോ, കടുവയുടെ സാന്നിധ്യമോ കണ്ടെത്താനായില്ല. ഉച്ചയോടെ സംഘം മൂന്നുകിലോമീറ്ററോളം ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല
Tags:
latest
