ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ഹൗറ-കാമാഖ്യ സർവീസിൽ ഉടൻ തന്നെ മാംസാഹാര വിഭവങ്ങൾ ലഭ്യമാകുമെന്ന് ഈസ്റ്റേൺ റെയിൽവേ. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുന്നത്.
രാത്രികാല സർവീസ് നടത്തുന്ന ട്രെയിനിൽ നിലവിൽ സസ്യാഹാരം മാത്രമാണ് വിളമ്പുന്നത് എന്ന യാത്രക്കാരുടെ പരാതിയെ തുടർന്നാണ് നടപടി. ഒരു ആഴ്ചയ്ക്കുള്ളിൽ പുതിയ ഭക്ഷണക്രമം നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17-ന് ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ, ജനുവരി 22 മുതൽ കാമാഖ്യയിൽ നിന്നും 23 മുതൽ ഹൗറയിൽ നിന്നും പതിവ് സർവീസുകൾ ആരംഭിച്ചിരുന്നു. കാമാഖ്യയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ അസമീസ് വിഭവങ്ങളും, ഹൗറയിൽ നിന്നുള്ള ട്രെയിനുകളിൽ ബംഗാളി വിഭവങ്ങളും ലഭ്യമാക്കുമെന്ന് റെയിൽവേ ഉറപ്പുനൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെയും അസമിലെയും പ്രാദേശിക ഭക്ഷണശൈലിയിൽ മത്സ്യത്തിനും മാംസത്തിനും വലിയ പ്രാധാന്യമുള്ളതിനാലാണ് ഈ മാറ്റം വരുത്തുന്നത്.
രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, മറ്റ് വന്ദേ ഭാരത് ഡേ ട്രെയിനുകൾ എന്നിവയിൽ നിലവിൽ മാംസാഹാരം ലഭ്യമാണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലും മാംസാഹാരം ഉൾപ്പെടുത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. സസ്യാഹാര വിഭവങ്ങളോടെയാണ് ട്രെയിൻ ആരംഭിച്ചതെങ്കിലും ഉടൻ തന്നെ മാംസാഹാരവും മെനുവിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിലെയും അസമിലെയും ഭൂരിഭാഗം ആളുകളും മാംസാഹാരം കഴിക്കുന്നവരാണെന്നും അത്തരം വിഭവങ്ങൾ ട്രെയിനിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:
latest