Trending

മലയോരത്ത് ഫുട്‌ബോൾ ആവേശം.

*വട്ടുകുളാരവാവേശം_2026..⚽🔥*


* നാൽപതാമത് ഫാ.ജോർജ് വട്ടുകുളം ഇലവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം..!

* വൈദികന്റെ സ്മരണ നിലനിർത്താൻ നടക്കുന്ന ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ടൂർണമെന്റ്..!

* ആവേശമുയർത്താൻ ജോപോൾ അഞ്ചേരിയുമെത്തും..!


✍🏿 *നിസാം കക്കയം*


കല്ലാനോട്‌ :കുടിയേറ്റത്തിന്റെ ചൂടും ചൂരും ആവേശമുയർത്തുന്ന മലയോര ഗ്രാമത്തിൽ നിന്ന് ഉയർന്ന് കേൾക്കുന്നത് കാൽപന്ത് കളിയുടെ ആരവാവേശം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും ,കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കിയാണ് നാൽപതാമത് ഫുട്‌ബോൾ ടൂർണമെന്റിന് ബുധനാഴ്ച വൈകുന്നേരം 4.30ന് തുടക്കമാവുന്നത്.

ഒളിമ്പ്യൻ മയൂഖ ജോണി, ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം അംഗം ഷിൽജി ഷാജി, സന്തോഷ്‌ ട്രോഫി താരം അർജുൻ ബാലകൃഷ്ണൻ ഉൾപ്പടെ ഒട്ടേറെ സംസ്ഥാന-ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ആദ്യകാലത്ത് തിരുനാളിനോടനുബന്ധിച്ച് കല്ലാനോട്‌ ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ പ്രദർശന മത്സരമാണ് 1983 മുതൽ വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റായി പരിണമിച്ചത്.

മലയോര ഗ്രാമത്തിന്റെ ഫുട്‌ബോൾ ലോകകപ്പ് എന്നറിയപ്പെടുന്ന ഫുട്‌ബോൾ മാമാങ്കം ആസ്വദിക്കുന്നതിനായി ആയിരകണക്കിനാളുകളാണ് ദിവസേന ജൂബിലി സ്റ്റേഡിയത്തിലെത്താറുള്ളത്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 12 ടീമുകളാണ് ടൂർണ മെന്റിൽ പങ്കെടുക്കുന്നത്.വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്കൊപ്പം, കേരളത്തിനും, രാജ്യത്തിനും വേണ്ടി ബൂട്ടണിഞ്ഞ പ്രതിഭകൾ ഈ ടൂർണമെന്റിൽ ഇതിഹാസമെഴുതി ഗ്രാമ ജനതയുടെ ഹൃദയം കവർന്നിട്ടുണ്ട്.

ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫാ.വട്ടുകുളം സ്മാരക എവര്‍റോളിംഗ് ട്രോഫിയും 100001 രൂപ പ്രൈസ്മണിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ആഗസ്തി എബ്രഹാം കടുകൻമാക്കൽ എവര്‍റോളിംഗ് ട്രോഫിയും 50001രൂപ പ്രൈസ്മണിയും ലഭിക്കും.

*ആവേശമുയർത്താൻ ജോപോൾ അഞ്ചേരിയുമെത്തും*

ബുധനാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മിലാഷ് വാഴക്കാട്, എംഎസ്ആർ എഫ്സി തലയാടുമായി ഏട്ടുമുറ്റും. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂർണമെന്റ് കമ്മിറ്റി രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, സെക്രട്ടറി അനു കടുകൻമാക്കൽ, സണ്ണി കാനാട്ട്, മാത്യു കടുകൻമാക്കൽ, ജോൺസൺ പനയ്ക്കവയൽ, തോമസ് നരിക്കുഴി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

*വൈദികന്റെ സ്മരണ നിലനിർത്താൻ നടക്കുന്ന ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ടൂർണമെന്റ്*

1957 മുതൽ 67 വരെ തുടർച്ചയായി പത്ത് വർഷക്കാലം കല്ലാനോട്‌ സെയ്ന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ.ജോർജ് വട്ടുകുളത്തിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് നടന്ന് വരുന്നത്. ഫാ.സെബാസ്റ്റ്യൻ പൂക്കളം സെയ്ന്റ് മേരീസ് പള്ളി വികാരി ആയിരിക്കുമ്പോൾ 1983ലാണ് വട്ടുകുളത്തച്ചന്റെ ഓർമയ്ക്കായി ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിക്കുന്നത്.
 കല്ലാനോട്ട് ഇന്നുള്ള പള്ളിയുടെ രൂപരേഖ നിർദേശിച്ചതും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവെച്ചതും അച്ചനാണ്. കൂടുതൽ സ്ഥലം വാങ്ങി പള്ളിപറമ്പ് വിസ്തൃതമാക്കുന്നതിനും കൃഷിയാരംഭിക്കുന്നതിനും അച്ചൻ മുൻകൈയെടുത്തു.

അച്ചൻ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് കല്ലാനോട് ഹൈസ്കൂൾ അനുവദിച്ചു കിട്ടിയത്. കേരളത്തിലെ ആദ്യത്തെ ഗ്രാമീണ സ്റ്റേഡിയമെന്ന് അറിയപ്പെടുന്ന ജൂബിലി സ്റ്റേഡിയത്തിനു വേണ്ടി സ്ഥലം കണ്ടെത്തിയ വട്ടുകുളത്തച്ചൻ കായിക മേഖലയോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു.

തിരുഹൃദയമഠം, സർവീസ് സഹകരണ ബാങ്ക്, ചൂരൽ സൊസൈറ്റി, പോസ്റ്റോഫീസ് എന്നിവ ആരംഭിക്കുന്നതിൽ വട്ടുകുളത്തച്ചൻ വഹിച്ച നേതൃത്വപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല.
1967-ൽ അച്ചൻ വയനാട്ടേക്ക് സ്ഥലം മാറിപ്പോയി. കാഞ്ഞങ്ങാടിനടുത്ത് കൊട്ടോടി സെൻറ് സേവ്യർ പള്ളി വികാരി ആയിരിക്കുമ്പോൾ 1970 ഓഗസ്റ്റ് 28ന് മരണമടഞ്ഞു. വൈദികന്റെ സ്മരണ നിലനിർത്താൻ നടക്കുന്ന ഏറ്റവും പഴക്കമുള്ള ടൂർണമെന്റെന്ന നിലയിൽ പ്രസിദ്ധമാണ് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റ്


*വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റ്..!*

Post a Comment

Previous Post Next Post