തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗംപേർക്കും ശമ്പളം വൈകും. മെഡിസെപ് പ്രീമിയം ഡിസംബർ മുതൽ 810 രൂപയായി ഉയർത്തിയുള്ള ഉത്തരവ് അവസാനനിമിഷം പിൻവലിച്ചതിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണം. പുതിയ ഉത്തരവ് പ്രകാരം ഫെബ്രുവരി മാസത്തെ ശമ്പളം മുതലേ വർദ്ധിപ്പിച്ച പ്രീമിയം ബാധകമാവുകയുള്ളു.
മുൻ ഉത്തരവ് പ്രകാരം വർദ്ധിപ്പിച്ച മെഡിസെപ് വിഹിതമായി 810 രൂപ പിടിച്ചുകൊണ്ടുള്ള ശമ്പള ബില്ലുകളാണ് ഓഫീസുകളിൽ തയ്യാറാക്കിയത്. പുതുവർഷത്തിൽ കൃത്യസമയത്ത് ശമ്പളം കൊടുക്കാനായി ഒരാഴ്‌ച മുമ്പേ ട്രഷറികളിലേക്ക് ബില്ല് നൽകിയിരുന്നു. എന്നാൽ, ഡിസംബറിലെ ശമ്പളത്തിൽ നിന്ന് പഴയനിരക്കായ 500 രൂപ പ്രീമിയം ഈടാക്കിയാൽ മതിയെന്ന നിർദേശം ചൊവ്വാഴ്‌ച വൈകിട്ട് വന്നു. ഇതോടെ ട്രഷറികളിൽ എത്തിയ ബില്ലെല്ലാം മടക്കിയയച്ചു.
ഇവ ഓഫീസുകളിൽ റദ്ദാക്കിയ ശേഷം പുതിയത് തയ്യാറാക്കണം. എല്ലാ ഓഫീസുകളിലും ഒന്നിച്ച് ബില്ല് തയ്യാറാക്കാൻ തുടങ്ങിയതോടെ ശമ്പളവിതരണ സംവിധാനമായ സ്‌പാർക്കും മെല്ലെപ്പോക്കിലായി. ഇപ്പോൾ ബിൽ തയ്യാറാക്കിക്കിട്ടാൻ പത്ത് മുതൽ 12 മണിക്കൂർ വരെ കാത്തിരിക്കണം. ഡിസംബറിലെ അവസാന പ്രവൃത്തിദിനമായ ഇന്നലെ വൈകിട്ട് മിക്ക ഓഫീസുകളിലെയും ശമ്പളബില്ല് ട്രഷറികളിൽ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഒന്നാം തീയതി ശമ്പളം വാങ്ങുന്നവർക്ക് ഇനി വെള്ളിയാഴ്‌ചത്തെ മന്നംജയന്തി അവധി കഴിഞ്ഞ് ശനിയാഴ്‌ച ശമ്പളം കിട്ടാനാണ് സാദ്ധ്യത. മറ്റ് വകുപ്പുകളിലെ ജീവനക്കാർക്കും ഇതനുസരിച്ച് ശമ്പളം വൈകും.
മെഡിസെപ് ഒന്നാംഘട്ട പദ്ധതിയുടെ കാലാവധി ഡിസംബർ 31ന് അവസാനിച്ചു. ജനുവരി ഒന്നുമുതൽ 810 രൂപ പ്രീമിയത്തിൽ രണ്ടാംഘട്ടം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. സാങ്കേതിക നടപടി പൂർത്തിയാകാൻ വൈകിയതിനാൽ ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരു മാസത്തെ സർക്കാർ വിഹിതമായി 61.14 കോടി രൂപയും അനുവദിച്ചു. എന്നാൽ, ഇക്കാര്യം അവസാന നിമിഷത്തേക്ക് നീണ്ടുപോയതാണ് പ്രതിസന്ധിക്ക് കാരണം.