Trending

മഹാരാഷ്ട്രയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്നു; ഭർത്താവ് മൂന്ന് വർഷത്തിന് ശേഷം പിടിയിൽ




വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന യുവാവിനെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. മഹാരാഷ്ട്ര താനെ ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിയെ സഹായിച്ച ഇയാളുടെ മൂന്ന് കൂട്ടുകാരും അറസ്റ്റിലായിട്ടുണ്ട്. 2022 ജൂലൈയിലാണ് അപകട മരണമെന്ന് കരുതിയ കൊലപാതകം അരങ്ങേറിയത്. നീരജ രൂപേഷ് അംബേദ്കർ ജൂലൈ പത്തിന് പാമ്പ് കടിയേറ്റ് മരണപ്പെടുകയായിരുന്നു.

എന്നാൽ ബന്ധുക്കളുടെയും ദൃക്‌സാക്ഷി മൊഴികളിലെയും വൈരുധ്യം പൊലീസിൽ സംശയം ഉണർത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷവും അന്വേഷണം തുടർന്ന ബദ്‌ലാപൂർ പൊലീസ് ഒടുവിൽ പ്രതികളിലേക്ക് എത്തുകയായിരുന്നു.

ഭാര്യയും ഭർത്താവും സ്ഥിരം വ‍ഴക്കിടാറുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയോടുള്ള ദേഷ്യത്തെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇതിനായി ഭർത്താവ് രൂപേഷ് സൃഹൃത്തുക്കളായ റിതികേഷ് രമേഷ് ചല്‍കെ, കുനാല്‍ വിശ്വനാഥ് ചൗധരി എന്നിവർക്കൊപ്പം എങ്ങനെ വധിക്കണം എന്ന് പ്ലാൻ ചെയ്തു. തുടർന്ന്, ഇവർ പാമ്പിനെ കൊണ്ട് കടിപ്പിക്കാൻ തീരുമാനിക്കുകയും പാമ്പുപിടുത്തക്കാരനായ ചേതൻ വിജയിൽ നിന്നും പാമ്പിനെ കൊണ്ട് വന്ന് കൃത്യം നടത്തുകയുമായിരുന്നു.

2020 ഇൽ കേരളത്തിലും സമാന സംഭവം നടന്നിരുന്നു. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതിയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നിരുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ പ്രതിക്ക് കോടതി 17 വർഷം കഠിനതടവും അതിനുശേഷം ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു

Post a Comment

Previous Post Next Post