കൊച്ചി ∙ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് ആദായ നികുതി രേഖകൾ അടക്കം ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റിന്റെ നിർദേശം. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ ഇറുക്കുമതി ചെയ്ത് വ്യാജ രേഖകൾ ചമച്ച് വിൽപന നടത്തിയത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിച്ചിരുന്നു. ഓപ്പറേഷൻ നുമ്ഖോർ എന്നു േപരിട്ടിട്ടുള്ള ആ അന്വേഷണത്തിന്റെ പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. പിന്നാലെ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാന്‍, അമിത് ചക്കാലയ്ക്കൽ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ അടക്കം 17 ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, കഴിഞ്ഞ 5 വർഷത്തെ ആദായ നികുതി രേഖകൾ അടക്കമുള്ളവ ഹാജരാക്കാൻ പരിശോധനയ്ക്ക് പിന്നാലെ ഇ.ഡി നിർദേശം നൽകിയിരുന്നു. തുടര്‍ന്ന് രേഖകൾ ഹാജരാക്കാൻ ഓരോരുത്തർക്കും സമയം അനുവദിച്ചിരുന്നുവെന്നും അമിത് ചക്കാലയ്ക്കൽ വ്യക്തമാക്കി. അമിത് ചക്കാലയ്ക്കലിന്റേതായി 6 വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതിൽ ഒരു വാഹനം മാത്രമേ തന്റേതുള്ളൂ എന്നും ബാക്കിയുള്ളവ ഗരേജിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ചിരുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലേക്ക് കടത്തിയതെന്ന് സംശയിക്കുന്ന ഇരുന്നൂറോളം വാഹനങ്ങളിൽ 43 എണ്ണമാണ് കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ നാലെണ്ണമൊഴികെ ഉടമകൾക്ക് ഉപാധികളുടെ അടിസ്ഥാനത്തിൽ വിട്ടു നൽകിയിരുന്നു. വിട്ടു നൽകിയവയിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഡിഫൻഡറും ഉൾപ്പെടും.
വാഹന ഇറക്കുമതി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഭൂട്ടാനുമായി ബന്ധപ്പെട്ട പല വാഹന ഇടപാടുകളിലും ഉൾപ്പെട്ട പണത്തിന് രേഖകൾ ഇല്ലെന്ന് കസ്റ്റംസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യമാണ് ഇ.ഡിയും പരിശോധിക്കുന്നത്. വാഹനം വാങ്ങിയവർ രാജ്യത്തിനു പുറത്ത് വച്ച് പണം നൽകിയോ, ഈ പണം എന്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിലുള്ളത്. വാഹനം വിറ്റവർ, വാഹന വിൽപനയുടെ ഇടനിലക്കാർ, ഇത് കച്ചവടം ചെയ്തവർ, വാങ്ങിയവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം. വാഹനങ്ങൾ വാങ്ങിയിട്ടും ഇതിന്റെ പ്രതിഫലം നൽകിയ ബാങ്ക് രേഖകൾ കാണിക്കാൻ പലർക്കും സാധിച്ചിട്ടില്ലെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.
Tags:
latest