പെരുവണ്ണാമൂഴി: റോഡിലിറങ്ങുന്ന വന്യജീവികള്‍ വാഹനങ്ങളിലിടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വന്യജീവികളുടെ ആക്രമണവും മറ്റും കൂടുതലാണ്.യാത്രീകർ വീണ് പരിക്കേല്‍ക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം നരിനട - ചക്കിട്ടപാറ റോഡിലെ കുഴികണ്ടം മുക്കില്‍ മുള്ളൻപന്നി സ്കൂട്ടറിലിടിച്ച് 55 കാരന് പരിക്കുപറ്റിയിരുന്നു. നരിനട സ്വദേശി ജീജോ (55)യാണ് അപകടത്തില്‍ പെട്ടത്. പുലർച്ചെ ഗള്‍ഫില്‍ നിന്നു വരുന്ന ആളെ കൂട്ടാൻ ചക്കിട്ടപാറയിലുള്ള ഒരു വീട്ടില്‍ നിന്നു കാർ എടുക്കാനായി വരുന്നതിനിടയിലായിരുന്നു അപകടം.
ആദ്യം ചക്കിട്ടപാറ ആശുപത്രിയിലും തുടർന്ന് പേരാമ്ബ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്ബ് പന്തിരിക്കര കെ.ടി റോഡില്‍ സ്കൂട്ടിയില്‍ പോവുമ്ബോള്‍ പന്നി ഇടിച്ച് രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയായ മുഹമ്മദ് സിനാന് പരിക്കേറ്റിരുന്നു. മുൻപ് പെരുവണ്ണാമൂഴി റോഡില്‍ കോക്കാട് ജംഗ്ഷന് സമീപം കാട്ടുപന്നി കാറിലിടിച്ച് തെറിച്ച് റോഡരികില്‍ ചത്ത സംഭവമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം ഒരു വശം തകരുകയും ചെയ്തു.
യാത്രക്കാർക്ക് പരിക്കില്ലായിരുന്നു. അതിന് മുമ്ബ് ഇതേസ്ഥലത്ത് തന്നെ ഓട്ടോയ്ക്കു മുന്നില്‍ പന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. തൊട്ടു മുമ്ബ് പന്തിരിക്കര പള്ളിക്കുന്ന് പ്രകാശ് അയേണ്‍ വർക്സിനു സമീപം ബൈക്ക് യാത്രികനെ പന്നി ഇടിച്ചു പരിക്കേല്‍പിച്ചിരുന്നു. മേഖലയില്‍ വ്യാപകമായി പറമ്ബുകളിലും റോഡിൻ്റെ വശങ്ങളിലും കുറ്റിക്കാടുകള്‍ വളരുന്നത് വന്യജീവികള്‍ തമ്ബടിക്കാൻ കാരണമാകുന്നതായും ഇവ നീക്കം ചെയ്യാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
latest