Trending

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ടിയിട്ടു; യുവതി ഗുരുതരാവസ്ഥയിൽ; പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുരേഷ് കുമാർ കസ്റ്റഡിയിൽ. ഇയാൾ പ്രകോപനമൊന്നുമില്ലാതെ പെൺകുട്ടിയെ തള്ളുകയായിരുന്നെന്നാണ് റിപ്പോർട്ട്. ട്രെയിനിൽ‌ നിന്ന് ഇറങ്ങാറായ സമയത്താണ് ആക്രമണം നടന്നത്. സ്റ്റേഷനിൽ ഇറങ്ങാനായി വാതിൽക്കലെത്തി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ സുഹൃത്ത് ഈ സംഭവങ്ങൾ നടക്കുമ്പോൾ ബാത്ത്റൂമിലായിരുന്നു. സുഹൃത്ത് ബാത്ത്റൂമിൽ പോയ സമയത്താണ് പുറത്തേക്ക് നോക്കി നിന്ന യുവതിയെ പ്രതിയായ സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്.


സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോട്ടയത്ത് നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്.

പ്രതി പെയിൻ്റിംഗ് തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകുന്നത്. പ്രതി മദ്യലഹരിയിലാണെന്ന സംശയത്തിലാണ് പൊലീസ്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി. അതേസമയം, സുഹൃത്തിനേയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.

പെൺകൂട്ടികൾ ആലുവയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇരുവരും. ഇവർ ജനറൽ കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതിയും സുഹൃത്തും യാത്ര ചെയ്തിരുന്നത്.

പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. എന്താണ് സംഭവത്തിന് പ്രകോപനമെന്ന് വ്യക്തമല്ല. കൊച്ചുവേളിയിൽ നിന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്.

അയന്തി മേൽപ്പാലത്തിനു സമീപത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പെൺകുട്ടിയും സുഹൃത്തും പറയുന്നു. പ്രതി ട്രെയിനിൽ വെച്ചാണ് മദ്യപിച്ചതെന്ന് വിവരമുണ്ട്. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്

Post a Comment

Previous Post Next Post