✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് സബ് ട്രഷറിയ്ക്ക് കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്തിന്റെ ആറ് സെന്റ് ഭൂമിയുടെ രേഖകൾ ട്രഷറി വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ എം.ഷാജിയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് കൈമാറുന്നു
കൂരാച്ചുണ്ട് :  സബ് ട്രഷറിക്കായി കെട്ടിടം പണിയാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി കണ്ടെത്തിയ ആറ് സെന്റ് ഭൂമിയുടെ രേഖ  പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ  ട്രഷറി വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ എം.ഷാജിയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് കൈമാറി.     
പഞ്ചായത്തിന്റെ അധീനതയിൽ റജിസ്ട്രാർ ഓഫിസിനു സമീപത്തെ ആറ് സെന്റ് ഭൂമി സബ് ട്രഷറി ഓഫിസ് കെട്ടിടം നിർമിക്കാൻ കൈമാറുന്നതിലുള്ള കാലതാമസത്തിൽ ഉടക്കി കൂരാച്ചുണ്ട് ട്രഷറി വികസനം മുടങ്ങിയിട്ട് പത്ത് വർഷം പിന്നിട്ടിരുന്നു. പഞ്ചായത്ത് ഭരണസമിതികളുടെയും ജനപ്രതി നിധികളുടെയും നിരന്തരപരിശ്രമങ്ങളുടെ ഫലമാ യി 2014-ലാണ് കൂരാച്ചുണ്ടിൽ സബ്‌ട്രഷറി അനുവ ദിക്കുന്നത്. 2016 മുതൽ വാടകക്കെട്ടിടത്തിൽ ട്രഷറി പ്രവർത്തനം തുടങ്ങുകയും ചെയ്തു. 2015-ൽ സ്ഥലം ട്രഷറി വകുപ്പിന് കൈമാറാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമറിയിച്ചിരുന്നു. എന്നാൽ തീരുമാനം ഉണ്ടാവാത്തതിനെ തുടർന്ന് 2023-ൽ വീണ്ടും തദ്ദേശവകുപ്പ് സെക്രട്ടറിയ്ക്ക് അനുകൂലതീരുമാനമറിയിച്ചുള്ള രേഖകൾ കൈമാറിയിരുന്നു.
കഴിഞ്ഞ ഒൻപത് വർഷമായി വാടകക്കെട്ടിടത്തിലെ ഒന്നാം നിലയിൽ അസൗകര്യങ്ങളിലാണു ട്രഷറി പ്രവർത്തിക്കുന്നത്. മുതിർന്ന പൗരൻമാർ ഉൾപ്പെടെ ഓഫിസിൽ എത്തിച്ചേരാൻ ദുരിതം അനുഭവിക്കുകയാണ്. ശുചിമുറി സൗകര്യം ഇല്ലാത്തതും ദുരിതമാകുന്നുണ്ട്. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കോട്ടൂർ, കായണ്ണ പഞ്ചായത്തുകളാണ് ഈ ട്രഷറിയുടെ പരിധിയിൽ ഉള്ളത്.
പഞ്ചായത്തിന്റെ അധീനതയിൽ നിലവിലുള്ള ട്രഷറിക്കു കൈമാറുന്ന ഭൂമി നോട്ട് ഫൈനൽ റെക്കോർഡ് ഗണത്തിൽ ഉൾപ്പെട്ടതോടെയാണ് കൈമാറുന്നതിനു കാലതാമസം നേരിട്ടത്.  കെട്ടിടനിർമ്മാണത്തിനുള്ള ഫണ്ട് ട്രഷറി വകുപ്പിന്റെ കൈവശം ഉള്ളതാണെന്നും, ഭൂമി ട്രഷറി വകുപ്പിന്റെ പേരിലായതോടെ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ട്രഷറി വകുപ്പ് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പരിസരത്ത് നടന്ന ഭൂരേഖ കൈമാറൽ ചടങ്ങിൽ  വൈസ് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറി ഓഫീസർ കെ.അനിൽകുമാർ, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ,  ജില്ലാ പഞ്ചായത്ത് മെമ്പർ  റംസീന നരിക്കുനി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ആന്റണി പുതിയകുന്നേൽ, ഡാർലളി അബ്രഹാം പുല്ലംകുന്നേൽ,   സിമിലി ബിജു താന്നിക്കൽ, സബ് ട്രഷറി ഓഫീസർ എം.വി.സോമശേഖരൻ,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ  ഷാജു കാരക്കട, വി.എസ്.ഹമീദ്, പ്രഭീഷ് തളിയോത്ത്, വിൽസൺ പാത്തിച്ചാലിൽ, ഷിബു കട്ടക്കൽ, സൂപ്പി തെരുവത്ത്, എ.കെ.പ്രേമൻ, ജയിംസ് കൂരാപ്പിള്ളിൽ, വർഗ്ഗീസ് പാലക്കാട്, പി.പി.സുധി, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.
