ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ അടുത്ത ഘട്ടത്തിനായി ഒരുങ്ങുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. അതിന് മുന്നോടിയായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് NCPI. യുപിഐ പേയ്‌മെന്റുകള്‍ EMI കളാക്കി മാറ്റാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ക്രെഡിറ്റ് ആക്‌സസ് വികസിപ്പിക്കുക, ഉയര്‍ന്ന മൂല്യത്തിലുളള പർച്ചേസുകൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ go - to payment സിസ്റ്റം എന്ന നിലയില്‍ യുപിഐയുടെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് NCPI യുടെ ലക്ഷ്യം.
ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് യുപിഐ വഴി ഉപയോക്താക്കള്‍ക്ക് പർച്ചേസ് നടത്താൻ സാധിക്കുകയും പിന്നീട് ഈ തുക പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്. യുപിഐയില്‍ ഇഐംഐ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് വളരെ പെട്ടെന്ന് പേമെന്റുകള്‍ മാസ തവണകളാക്കി മാറ്റാന്‍ കഴിയും. ഇതിനായി ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് യുപിഐയില്‍ ഇഎംഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ അനുവാദം ലഭിച്ചേക്കും. ഇത്തരത്തില്‍ യുപിഐ പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇഎംഐ തിരിച്ചടവ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും
ഈ സേവനം ഇതുവരെ ആക്ടീവായിട്ടില്ലെങ്കിലും ക്രെഡിറ്റ് ഇടപാടുകളെ ഇത് വലിയ രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കുമെന്നാണ് കരുതുന്നത്. യുപിഐ നെറ്റ്‌വര്‍ക്കില്‍ ക്രെഡിറ്റ് ഇടപാടുകള്‍ വര്‍ധിക്കാന്‍ ഇതുവഴി സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പോയിന്റ് ഓഫ് സെയില്‍ കാര്‍ഡുകളോട് സമാനമായിരിക്കും ഇത്തരം ഇടപാടുകള്‍. കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍ത്തന്നെ ഇഎംഐകളാക്കി മാറ്റാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
ഈ മാസം മുതല്‍ യുപിഐ ഇടപാടുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സിനും അടക്കം ഓരോ ഇടപാടും 2 ലക്ഷത്തില്‍നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിദിനം 10 ലക്ഷവും. ഇ-മാര്‍ക്കറ്റിലും നികുതി പേയ്‌മെന്റുകള്‍ക്കും പരിധി 1 ലക്ഷത്തില്‍നിന്നും 5 ലക്ഷമായി ഉയര്‍ത്തി. യാത്രാബുക്കിംഗുകള്‍ക്ക് ഓരോ ഇടപാടിനും 5 ലക്ഷം(പ്രതിദിനം 10 ലക്ഷം) അനുവദിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ ഒരേ സമയം 5 ലക്ഷം രൂപവരെ അനുവദിച്ചിട്ടുണ്ട്(പ്രതിദിനം 6 ലക്ഷം രൂപയും).
Tags:
latest