കക്കയം : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയം ഡാംസൈറ്റ് റോഡ് മേഖലയിൽ വീണ്ടും കടുവയെ കണ്ടതോടെ പ്രദേശവാസികൾ ആശങ്കയിൽ. വ്യാഴാഴ്ച രാത്രി എട്ടുമണിക്കുശേഷം ഡാംസൈറ്റ് റോഡിൽ ഏഴാംപാലത്തിന് സമീപത്തുവെച്ചാണ് ബൈക്ക് യാത്രികൻ കടുവയെ കണ്ടത്. റിസർവോയറിന്റെ സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വനംവകുപ്പ് വാച്ചർമാരും റോഡരികിൽ കടുവയെ കണ്ടിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാർ മുൻപും പലതവണ ഈ മേഖലകളിൽ കടുവയെ നേരിൽ കണ്ടിട്ടുണ്ട്. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി. വിജിത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ്, ആർആർടി ടീമുകൾ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.
കഴിഞ്ഞവർഷം മാർച്ചിലാണ് കക്കയത്ത് കൃഷിയിടത്തിൽ ജോലിചെയ്‌തുകൊണ്ടിരുന്ന പാലാട്ടിയിൽ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊന്നത്. അതിന് രണ്ടുമാസംമുൻപാണ് കക്കയം ടൂറിസംകേന്ദ്രത്തിലെത്തിയ ഒരു കുഞ്ഞടക്കം രണ്ട് സഞ്ചാരികളെ കാട്ടുപോത്ത് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. അന്ന് മാസങ്ങളോളം കക്കയം ടൂറിസംകേന്ദ്രം അടച്ചിടേണ്ടിവന്നു. ഇപ്പോഴും കാട്ടുപോത്തും ആനയും ഇറങ്ങുന്നത് ഇവിടെ പതിവാണ്. ഇപ്പോൾ കടുവയുടെ സാന്നിധ്യംകൂടിയായതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. അബ്രഹാം കൊല്ലപ്പെട്ടതിനുപിന്നാലെ ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു സൗരവേലി സ്ഥാപിക്കണമെന്നത്. കക്കയം സന്ദർശിച്ച വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ സൗരവേലിനിർമാണം സംബന്ധിച്ച് ഉറപ്പുംനൽകിയിരുന്നു.
വഴിവിളക്ക് സ്ഥാപിക്കണം'
കാട്ടുപോത്തും, കടുവയുമടക്കമുള്ള വന്യമൃഗങ്ങൾ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയുയർത്തുന്ന കക്കയം ഡാംസൈറ്റ് റോഡ് ഏഴാംപാലംമുതൽ എട്ടാംപാലംവരെയുള്ള ജനവാസമേഖലയിൽ അടിയന്തരമായി വഴിവിളക്കുസ്ഥാപിക്കണമെന്ന് കക്കയം വാലി റെസിഡൻഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ജോൺസൺ കക്കയം, സജി കൊച്ചുപുര, വിൻസന്റ് ജോർജ്, ആന്റണി വേമ്പുവിള, ബെന്നി കുറുമുട്ടം, അമൽ കോയിക്കകുന്നേൽ, ജോൺ വേമ്പുവിള എന്നിവർ സംസാരിച്ചു.