Trending

താമരശ്ശേരി സംഘര്‍ഷം; ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ വിവിധ വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍



കോഴിക്കോട്: ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാര്‍ഡുകളില്‍ ഇന്ന് (ബുധന്‍) ഹര്‍ത്താല്‍. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂര്‍, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓര്‍ങ്ങാട്ടൂര്‍, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍.


താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


 അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു.


സംഘര്‍ഷത്തില്‍ റൂറല്‍ എസ്പി അടക്കം 16 പോലിസുകാര്‍ക്കും, 27 സമരക്കാരും പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു.

എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിട്ടു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് വാഹനം സമരക്കാര്‍ വഴിയില്‍ തടഞ്ഞു.


 കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറി പൂര്‍ണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post