Trending

കുവൈറ്റ് മദ്യ ദുരന്തത്തിലെ ഇരയായ ബെംഗളൂരു സ്വദേശി, കയറ്റിവിട്ടത് കൊച്ചിയിലേക്ക്; സൂരജ് ലാമയെ തേടി മകൻ ഹൈക്കോടതിയിൽ




കൊച്ചി ∙ കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബെംഗളുരു സ്വദേശി സൂരജ് ലാമ (58)യെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് ഹർജിയുമായി മകൻ ഹൈക്കോടതിയിൽ. ഈ മാസം അഞ്ചിനാണ് കുവൈറ്റ് അധികൃതർ ആരെയും അറിയിക്കാതെ സൂരജ് ലാമയെ കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടത്. പിതാവിനെ കാണാനില്ലെന്ന് മനസിലാക്കി മകൻ കൊച്ചിയിലെത്തി അന്വേഷിക്കുകയും പലയിടത്തും വച്ച് കണ്ടതായ വിവരങ്ങൾ ശേഖരിച്ച് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ കണ്ടെത്താൻ പൊലീസിനായില്ല എന്നു കാട്ടിയാണ് മകൻ സന്ദൻ ലാമ ഹർജി നൽകിയിരിക്കുന്നത്. ഈ മാസം 10ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടു പോലും പിതാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.


ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഒട്ടേറെ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു. ആശുപത്രിയിലായവരിൽ കുവൈറ്റിൽ ബിസിനസ് ചെയ്തിരുന്ന സൂരജ് ലാമയും ഉൾപ്പെട്ടിരുന്നു. പിതാവ് ഇത്തരത്തില്‍ ആശുപത്രിയിലാണെന്ന് കുടുംബം വൈകിയാണ് അറിയുന്നത്. ഒടുവിൽ ഈ മാസം നാലിന് ബന്ധുക്കളെ പോലും അറിയിക്കാതെ പരിചയക്കാർ പോലുമില്ലാത്ത കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു.


മദ്യദുരന്തത്തിൽ പേരു പോലും ഓർമയില്ലാത്ത വിധത്തിലായിരുന്നു ലാമ. അഞ്ചിന് രാവിലെ മെട്രോ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് പിതാവ് ഇറങ്ങിയതായി മകൻ മനസിലാക്കിയിരുന്നു. പിന്നീട് കളമശേരിയിൽ പലയിടത്തും കണ്ടതായി വിവരം ലഭിച്ചു. സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഈ മാസം ഏഴിനാണ് കുടുംബം അറിയുന്നത്. പിറ്റേന്നു തന്നെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.


ഇതിനിടെ, എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിങ് കോളനിയുടെ സമീപത്ത് ലക്ഷ്യംതെറ്റി അലഞ്ഞു തിരിയുന്ന ലാമയുടെ വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ഒരു ആംബുലൻസിൽ കയറ്റി കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ പറയുന്നു.

Post a Comment

Previous Post Next Post