എന്നാൽ ഇയാൾ പലരിൽനിന്നും പണം കടം വാങ്ങിയിരുന്നു. കടം കൊടുത്തവർ പ്രശ്നമുണ്ടാക്കുമെന്നതിനാലാണു കുഞ്ഞിനെ വിറ്റ് കടം വീട്ടാൻ ഇയാൾ തീരുമാനമെടുത്തത്. ഇന്നലെ രാവിലെ തന്നെ കുഞ്ഞിനെ വാങ്ങാൻ അർമാൻ എത്തി. ഇയാൾ ഈരാറ്റുപേട്ടയിലാണ് ജോലി ചെയ്യുന്നത്. നേരത്തേ 2 തവണ ഇവർ ആൺകുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം പാളിയിരുന്നു. അതിനാൽ ഇത്തവണ കൂടുതൽ ശ്രദ്ധയോടെയും രഹസ്യസ്വഭാവത്തോടെയുമായിരുന്നു നീക്കങ്ങൾ. രാവിലെ വീട്ടിലെത്തി പിതാവിനെക്കണ്ട് ബാക്കി പണം കൈമാറി കുട്ടിയുമായി പോകാനായിരുന്നു ലക്ഷ്യം.
എന്നാൽ, അസം സ്വദേശികളിൽനിന്നു വിവരം ലഭിച്ച അൻസിൽ, പഞ്ചായത്തംഗം മുഷ്റ തൽഹത്ത്, മുൻ പഞ്ചായത്തംഗം തൽഹത്ത് അയ്യൻകോയിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും വീട്ടിലെത്തി കുഞ്ഞിന്റെ പിതാവിനെ രാവിലെ തന്നെ പിടികൂടി. വീട് വാടകയ്ക്കു നൽകിയ അഷറഫും ഇവർക്കൊപ്പം നിന്നു. കുഞ്ഞിന്റെ പിതാവിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാടകവീടിനു തൊട്ടടുത്തുള്ള ബാർബർ ഷോപ്പിൽ നിന്ന് ദാനിഷിനെ പിടികൂടിയത്. അർമാൻ പ്രദേശത്തുണ്ടെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും അപ്പോൾ കണ്ടുകിട്ടിയില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്നു 3 കിലോമീറ്റർ മാറി വഴിയരികിൽനിന്ന് അർമാനെ പൊലീസ് കണ്ടെത്തി.
കുമരകം എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ്ഐ ഒ.ആർ.ബസന്ത്, എഎസ്ഐമാരായ റോയി, ബൈജു, ജോസ്, എസ്‌സിപിഒ സജയകുമാർ, സിപിഒമാരായ സുമോദ്, ജിജോഷ്, എ.എസ്.അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags:
latest