തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റും ഉണ്ടായേക്കാം.
സംസ്ഥാനത്ത് ഇന്നലെ മഴക്കെടുതികൾ മൂലം 2 പേർ മരിച്ചു. ചേർത്തലയ്ക്കു സമീപം അർത്തുങ്കൽ ആയിരംതയ്യിൽ തിരയിൽപെട്ട വള്ളത്തിൽ നിന്ന് കടലിൽ വീണ് മത്സ്യത്തൊഴിലാളി ചേർത്തല തെക്ക് പഞ്ചായത്ത് 13–ാം വാർഡ് തൈക്കൽ തുമ്പോളിശേരി പോൾ (63) മരിച്ചു. അങ്കമാലി മൂക്കന്നൂരിൽ മിന്നലേറ്റ് ബംഗാൾ സ്വദേശിയായ അതിഥിത്തൊഴിലാളി ഖോകൻ മിസ്ത്രി (36) മരിച്ചു.
Tags:
latest