കോയമ്പത്തൂർ∙ മലയോര വിനോദസഞ്ചാര മേഖലയായ വാൽപാറയിലേക്ക് നാളെ മുതൽ ഇ–പാസ് നിർബന്ധം. www.tnepass.tn.gov.in/home എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ കേരളത്തിൽനിന്നു വാൽപാറയിലേക്കു പ്രവേശിക്കുന്ന കോയമ്പത്തൂർ ജില്ലാതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയിലെ (മഴുക്കുപ്പാറ വഴി) ചെക്പോസ്റ്റിലും ആളിയാർ ചെക്പോസ്റ്റിലും റജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ രണ്ടു സ്ഥലങ്ങളിലും ഇ–പാസ് പരിശോധനയ്ക്കായി റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകാനും ഉപയോഗിക്കാനും അനുമതിയില്ലെന്നും പിടിച്ചെടുക്കുമെന്നും കലക്ടറേറ്റിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. വാൽപാറ താലൂക്കിൽ വിലാസമുള്ള വാഹനങ്ങളെല്ലാം ഒരുതവണ മാത്രം റജിസ്റ്റർ ചെയ്താൽ മതി. സർക്കാർ ബസുകളെയും വാഹനങ്ങളെയും നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
നീലഗിരി ജില്ല, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കു മാത്രമുണ്ടായിരുന്ന ഇ–പാസ് നിബന്ധനകൾ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വാൽപാറയിലേക്കും വ്യാപിപ്പിക്കുന്നത്.