Trending

കൊന്ന് കുഴിച്ചിട്ട് തറ കോൺക്രീറ്റ് ചെയ്തു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ



ഇരിക്കൂർ ∙ ബംഗാൾ മുർഷിദാബാദ് മധുരാപ്പുർ സ്വദേശി അസികുൽ ഇസ്‌ലാമിനെ (26) കൊന്ന് നിർമാണം നടക്കുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടി മുകളിൽ കോൺക്രീറ്റ് ചെയ്തെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മധുരാപ്പുർ സ്വദേശി പരേഷ്നാഥ് മൊണ്ടലിനെ (31) ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് അതിർത്തിയിൽനിന്ന് ഇന്നലെയാണ് പ്രതി പിടിയിലായത്. ഒരുവർഷം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

ഇരിക്കൂർ കുട്ടാവിൽ നിർമാണത്തിലുള്ള ഷോപ്പിങ് കോംപ്ലക്സിൽ 2021 ജൂൺ 28ന് ആണ് അസികുൽ കൊല്ലപ്പെട്ടത്. പരേഷ്നാഥ് മൊണ്ടലും സഹോദരീ ഭർത്താവ് ഗണേഷ് മൊണ്ടലുമാണ് പ്രതികൾ. അസികുലിന്റെ സഹോദരൻ മൊമിനുൽ ഇസ്‌ലാമാണ് കെട്ടത്തിന്റെ തേപ്പുപണി കരാറെടുത്തത്. പരേഷ്നാഥും ഗണേഷും മേസ്തിരിമാരും അസികുൽ ഹെൽപറുമായിരുന്നു. മൊമിനുൽ ഏൽപിക്കുന്ന പണം അസികുലാണ് ഇവർക്കു നൽകിയിരുന്നത്. അസികുലിന്റെ കയ്യിൽ കൂടുതൽ പണമുണ്ടാകുമെന്ന നിഗമനത്തിൽ കൊലയെന്നാണു കേസ്. അസികുലിന്റെ പഴ്സിലുണ്ടായിരുന്ന 7000 രൂപയും ഇവർ കവർന്നു.

പണി നടക്കുന്നതിനിടെ ഗണേഷ് അസികുലിന്റെ വായ പൊത്തിപ്പിടിക്കുകയും പരേഷ്നാഥ് ചുറ്റികകൊണ്ട് തലക്കടിച്ച് കൊല്ലുകയുമായിരുന്നു. മൃതദേഹം ചാക്കിൽകെട്ടി ശുചിമുറിയിൽ കുഴിച്ചിട്ടു തറ കോൺക്രീറ്റ് ചെയ്തു. സംഭവത്തിനു ശേഷം ഇരുവരും മുങ്ങി. അസികുലിനെ കാണാനില്ലെന്ന മൊമിനുലിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് 2021 സെപ്റ്റംബർ 10നു മുംബൈയിൽനിന്ന് പരേഷ്നാഥിനെ അറസ്റ്റ് ചെയ്തു. ഗണേഷിനെ 2022 സെപ്റ്റംബർ 16നു ഹരിയാനയിൽനിന്നും അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post