Trending

അടിമാലിയിൽ രാത്രി മണ്ണിടിച്ചിൽ; കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ദമ്പതികളെ പുറത്തെത്തിച്ചു, ബിജുവിന് ദാരുണാന്ത്യം





അടിമാലി ∙ ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ വീടു തകർന്ന് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജു – സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചു. അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിക്കുകയായിരുന്നു.

നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ മൂന്നു മണിയോടെയാണ് സന്ധ്യയെ പുറത്തെത്തിക്കാനായത്. സാരമായ പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയ സന്ധ്യയെ, തുടർന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി.



സന്ധ്യയുടെ കാലിന് ഗുരുതര പരുക്കുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുലർച്ചെ അഞ്ച് മണിയോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്. 

ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിങ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടം. രണ്ടു വീടുകൾ തകർന്നു. ഇതേ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.

വെള്ളിയാഴ്‌ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. മണ്ണിടിച്ചിൽ ഭീഷണി തുടർന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിട്ടും രേഖകൾ എടുക്കാൻ വേണ്ടിയാണ് വീട്ടിലേക്ക് എത്തിയത്.

ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര താഴേയ്ക്ക് പതിച്ച സ്ഥിതിയിലാണ്

പൊലീസും അഗ്നിശമന സേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്

തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റിയാണ് കുടുങ്ങി കിടക്കുന്നവരെ പുറത്തെടുത്തത്. അശാസ്ത്രിയ മണ്ണൊടുക്കലാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.

ദമ്പതികളുടെ മകൻ ഒരു വർഷം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനിയാണ്. അപകടസമയത്ത് മകൾ കോട്ടയത്തായിരുന്നു

Post a Comment

Previous Post Next Post