Trending

തോക്ക് ചൂണ്ടി 81 ലക്ഷം തട്ടി, 14 ലക്ഷം മുടക്കി ഏലം വാങ്ങി; പണം നഷ്ടപ്പെട്ടയാൾക്ക് ഏലയ്ക്ക നൽകുമെന്ന് പൊലീസ്

കൊച്ചി ∙ കുണ്ടന്നൂരിൽ മുഖംമൂടി സംഘം തോക്കൂചൂണ്ടി തട്ടിയെടുത്ത പണം കൊണ്ടു വാങ്ങിയ ഏലക്കയ്ക്ക് വൈകാതെ ശാപമോഷമായേക്കും. നിലവിൽ സ്റ്റേഷൻ വരാന്തയിൽ അട്ടിയിട്ടു വച്ചിരിക്കുന്ന ഏലം തുടർ നടപടികൾക്കായി എന്തു ചെയ്യണമെന്ന് നിർദേശിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് മരട് പൊലീസ്. കോടതി അനുവദിച്ചാൽ പണം നഷ്ടപ്പെട്ട സ്റ്റീൽ കമ്പനി ഉടമയ്ക്ക് ഏലം വിട്ടു നൽകും. ഇത് വിറ്റ് നഷ്ടപ്പെട്ട പണം ഈടാക്കാൻ കമ്പനി ഉടമയ്ക്ക് സാധിക്കും. 

ഇക്കാര്യത്തിൽ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഉടൻ തന്നെ തീരുമാനമാകുമെന്നാണ് കരുതുന്നത്. കോടതി നിർദേശിക്കുന്നതിന് അനുസരിച്ച് ചെയ്യും’’, മരട് പൊലീസ് വ്യക്തമാക്കി. 578 കിലോ വരുന്ന 10 ചാക്കോളം ഏലമാണ് നിലവിൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത്. സ്റ്റീൽ കമ്പനി ഉടമയിൽ നിന്ന് തട്ടിയെടുത്ത 81 ലക്ഷം രൂപയിൽ 14 ലക്ഷം രൂപ കൊടുത്ത് പ്രതികൾ വാങ്ങിയതാണ് ഏലം. ഈ ഏലവും പ്രതികളെയും ഇടുക്കിയിൽനിന്ന് മരട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.


അതിനിടെ, കേസിൽ ഉൾപ്പെട്ട 12 പ്രതികളേയും പൊലീസ് പിടികൂടി. ഒളിവിലായിരുന്ന രാഹുൽ എന്നയാളെയും അടുത്തിടെ പിടികൂടിയിരുന്നു. കവർച്ച ചെയ്ത 81 ലക്ഷം രൂപയിൽ ഏലം ഉൾപ്പെടെ 67 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത് എന്നാണ് വിവരം. എല്ലാ പ്രതികളേയും പിടികൂടിയെന്നും അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്നും മരട് പൊലീസ് വ്യക്തമാക്കി. ഇതിൽ കുറച്ചു രേഖകൾ കൂടി ലഭിച്ചാൽ അടുത്ത നടപടി ക്രമങ്ങളിലേക്കു കടക്കുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ നേരത്തെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തിരുന്നു.

കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനി ഉടമയെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ ശേഷം കേസിലെ പ്രധാന പ്രതി ജോജി ഇടുക്കിയിലേക്കാണു പോയത്. ജോജിയുടെ പക്കലുണ്ടായിരുന്ന പണത്തിൽനിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച് ഏലം വാങ്ങുകയായിരുന്നു. സുഹൃത്ത് കൂടിയായ മുരിക്കാശേരി സ്വദേശി ലെനിൻ ബിജു ആയിരുന്നു ഇതിന്റെ ഇടനിലക്കാരൻ. പണം കഴിയുന്നത്ര കൈയിൽ കരുതാതെ എവിടെയെങ്കിലും നിക്ഷേപിക്കുക എന്നതായിരുന്നു ഏലം വാങ്ങലിന്റെ പിന്നിൽ. തുടർന്ന് ജോജിയും ലെനിനും ഒരുമിച്ച് അറസ്റ്റിലായി.

ജോജിയിൽനിന്ന് ഏലത്തിനു പുറമെ 30 ലക്ഷത്തോളം രൂപയും നാട്ടിക സ്വദേശി പി.വി.വിഷ്ണുവിൽ നിന്ന് 20 ലക്ഷം രൂപയും പിടികൂടിയിരുന്നു. സംഭവത്തില്‍ ഉൾപ്പെട്ട 3 മുഖംമൂടിധാരികളിൽ രാഹുൽ ഒഴിച്ചുള്ള മുരിക്കാശേരി സ്വദേശി ജെയ്സൽ ഫ്രാൻസിസ്, ഉടുമ്പൻച്ചോല സ്വദേശി അബിൻസ് കുര്യാക്കോസ് എന്നിവരെ നേരത്തെ ബെംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒടുവിലാണ് രാഹുല്‍ അറസ്റ്റിലായത്.

പണം തട്ടിയെടുക്കുന്നതിൽ ഗൂഢാലോചന നടത്തിയെന്നു കരുതുന്ന അഭിഭാഷകനായ നിഖിൽ നരേന്ദ്രനാഥ്, ബുഷ്റ, ആസിഫ് ഇക്ബാൽ എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിൽ ഉൾപ്പെട്ടവരെ ഒളിവിൽ പോകാനും മറ്റും സഹായിച്ചവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

Post a Comment

Previous Post Next Post