* ഭൂപ്രശ്നം പരിഹരിക്കും വരെ സമരമെന്ന് കർഷകർ.
* നാളെ മുതൽ വില്ലേജ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം.
കൂരാച്ചുണ്ട് : കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിൽ 1977ന് മുമ്പ് കൈവശമുള്ള രേഖകളുള്ളതും നികുതി സ്വീകരിക്കാൻ സർക്കാർ ഉത്തരവുമുള്ളതുമായ സ്ഥലങ്ങൾക്ക് നികുതി, തണ്ടപ്പേർ സർട്ടിഫിക്കറ്റ് എന്നിവ വില്ലേജ് അധികൃതർ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരത്തിനൊരുങ്ങി കർഷക കുടുംബങ്ങൾ. വ്യാഴാഴ്ച വൈകുന്നേരം കൂരാച്ചുണ്ട് വില്ലേജ് ഓഫീസിന് മുന്നിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
റവന്യു - വനം വകുപ്പുകളുമുണ്ടായ ഭൂമി തർക്കത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് തീരുമാനമെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട ഭൂരേഖകൾ ലഭിക്കാത്തതിനെതിരെ യാണ് സമരം.
ജില്ലാ കളക്ടർ, ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവർക്ക് 1977ന് മുമ്പ് കൈവശമുള്ള കർഷകരുടെ ഭൂമി പരിശോധിച്ച് ആവശ്യമായ നികുതിയും മറ്റു റവന്യു രേഖകളും നൽകുന്നതിന് ഉത്തരവായിരുന്നു. അത് പ്രകാരം 2019ൽ കോഴിക്കോട് ജില്ലാ കളക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവർ സംയുക്തമായി തീരുമാനമെടുത്ത് വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും നാളിതുവരെ വിഷയം പരിഹരിക്കപെട്ടിട്ടില്ല എന്ന് കർഷക കുടുംബങ്ങൾ ആരോപിച്ചു. നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും രേഖകൾ ലഭിക്കാത്തതിനാലാണ് പ്രത്യക്ഷ സമരത്തിന് കർഷകരുടെ യോഗം തീരുമാനിച്ചത്. സംഘാടക സമിതി കൺവീനർ കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. മൊയ്തു വയലട, തോമസ് തലയണകണ്ടം, നിക്ലാവോസ് താന്നിക്കൽ, മാത്യു പുതുപറമ്പിൽ, ജോണി വടുതല, സ്കറിയ തലയണകണ്ടം എന്നിവർ സംസാരിച്ചു.
✍🏿 *നിസാം കക്കയം*