Trending

കക്കയം പുഴയ്ക്ക് സമീപം അപകട സൂചന ബോർഡുകൾ സ്ഥാപിച്ചു

'ശ്രദ്ധിക്കണം, ഇവിടെ 12 പേർ മുങ്ങി മരിച്ചിട്ടുണ്ട്'



✍🏿 നിസാം കക്കയം


കക്കയം : കക്കയം പുഴയ്ക്ക് സമീപം പഞ്ചായത്ത് അപകട സൂചനാ ബോർഡ് സ്ഥാപിച്ചു. ജൂലൈ ഒൻപതിന് കക്കയം പഞ്ചവടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി അപകടത്തിൽ പെട്ട് മരിച്ചതിനെ തുടർന്ന് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ അനുവദനീയമല്ലാത്ത മേഖലകളിലും ജലാശയങ്ങളിലും ഇറങ്ങുന്നതിന്റെ അപകട സാധ്യത സംബന്ധിച്ച് 'മാതൃഭൂമി' തുടർച്ചയായി വാർത്ത നൽകിയിരുന്നു.

'ശക്തമായ അടിയൊഴുക്കും പത്ത് മീറ്ററിലധികം ആഴവുമുള്ള കക്കയം പുഴയിൽ കുളിക്കാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഈ ഭാഗത്ത് 12 ആളുകൾ മുങ്ങി മരിച്ചിട്ടുണ്ട്. ജീവൻ വിലപ്പെട്ടതാണ്, ആയതിനാൽ വെള്ളത്തിൽ ഇറങ്ങരുത്, ദയവായി ജാഗ്രത പാലിക്കുക' എന്നാണ് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അപകട മുന്നറിയിപ്പ് ബോർഡ്.

കക്കയം പഞ്ചവടി, മുപ്പതാം മൈൽ, കരിയാത്തുംപാറ മേഖലയിലാണ് സഞ്ചാരികൾ പുഴയിലിറങ്ങി അപടങ്ങളിൽ പെടുന്നത്. അവധി ദിവസങ്ങളിൽ കക്കയം പുഴയുടെ വിവിധ ഭാഗങ്ങളിൽ കുളിക്കാനായി മാത്രം എത്തുന്നവരും നിരവധിയാണ്. വിനോദ സഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നത് തടയാൻ നടപടി വേണമെന്നുള്ളത് വrഷങ്ങളായുള്ള ആവശ്യമാണ്. പോലീസ് പുഴയിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപണവുമുണ്ട്.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് അപകട സൂചന ബോർഡ് സ്ഥാപിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ അധ്യക്ഷത വഹിച്ചു. ബേബി തേക്കാനത്ത്, മുജീബ് കക്കയം, ആൻഡ്രൂസ് കട്ടിക്കാന, പത്രോസ് പന്നിവെട്ട്പറമ്പിൽ, നിപിൻ ഐകുളമ്പിൽ, അനീഷ് മറ്റത്തിൽ, ഇസ്മായിൽ ഓടക്കയിൽ, സുജ പത്രോസ്, കുഞ്ഞിമൊയ്തി വലിയപറമ്പിൽ, അനീഷ് മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post