ബാങ്കിൽ നിന്നും ആദ്യമായി വായ്പയെടുക്കുന്നവർക്ക് മിനിമം സിബിൽ സ്കോർ ആവശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ലോക്സഭയിൽ നടന്ന മൺസൂൺ സെഷനിൽ സംസാരിക്കവെ, സഹമന്ത്രി പങ്കജ് ചൗധരി കേന്ദ്ര സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ കുറവോ പൂജ്യമോ ആണെങ്കിൽ ബാങ്കുകൾക്ക് വായ്പാ അപേക്ഷകൾ നിരസിക്കാൻ കഴിയില്ലെന്ന് പങ്കജ് ചൗധരി പറഞ്ഞു.
*എന്താണ് സിബിൽ സ്കോർ?*
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ സിബിൽ സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. സിബിൽ സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് സിബിൽ സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് സിബിൽ സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കപ്പെടുന്നത്
ലോൺ അനുവദിക്കുന്നതിന് മിനിമം ക്രെഡിറ്റ് സ്‌കോര്‍ നിബന്ധന വച്ചിട്ടില്ല. ഏതെങ്കിലും വായ്പയോ മറ്റും നല്‍കുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഘടകങ്ങളിലൊന്ന് മാത്രമാണ് കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടെന്നും മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.
Tags:
latest