Trending

കക്കയം വിനോദസഞ്ചാരകേന്ദ്രം റോഡിൽകുഴിയോട് കുഴി


കക്കയം : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തേക്കുള്ള റോഡിന്റെ ദുരവസ്ഥയിൽ സഞ്ചാരികളും പ്രദേശവാസികളും വലയുന്നു. രണ്ടുവർഷത്തിനുള്ളിൽ മൂന്നുതവണ കുഴിയടച്ച റോഡ്, വീണ്ടും തകർന്ന് തരിപ്പണമായിരിക്കുകയാണ്. കക്കയം അങ്ങാടിമുതൽ കരിയാത്തുംപാറവരെയാണ് ടാറിങ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. ഏകദേശം മൂന്നുകിലോമീറ്ററിനുള്ളിൽ ചെറുതും വലുതുമായ ഇരുനൂറോളം കുഴിയാണുള്ളത്.

മിക്കയിടത്തും ടാറിളകി മെറ്റൽ റോഡിൽ പരന്നുകിടക്കുന്നത് ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാനും കാരണമാകുന്നുണ്ട്. വളവുകളിൽ റോഡരികിൽ അപകടകരമായരീതിയിൽ കുഴികൾ രൂപപ്പെട്ടു. പൊതുമരാമത്തുവകുപ്പിന് കീഴിലുള്ള റോഡിൽ ഒന്നരവർഷം മുൻപാണ് ലക്ഷങ്ങൾ ചലവഴിച്ച് കുഴിയടച്ചത്. കക്കയം ഡാംസൈറ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനായി ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.

ഇടവിട്ട് മഴപെയ്യുന്നതിനാൽ തകർന്നുകിടക്കുന്ന ഈ ഭാഗത്ത് കുഴികളിൽ ചെളിവെള്ളംനിറയുന്നത് വാഹന-കാൽനട യാത്രക്കാർക്ക് ഒരുപോലെ ബുദ്ധിമുട്ടാവുന്നുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഈ ഭാഗത്തുകൂടി പോകുന്നത്.
ഇടവിട്ട് മഴപെയ്യുന്നതിനാൽ തകർന്നുകിടക്കുന്ന ഈ ഭാഗത്ത് കുഴികളിൽ ചെളിവെള്ളംനിറയുന്നത് വാഹന-കാൽനട യാത്രക്കാർക്ക് ഒരുപോലെ ബുദ്ധിമുട്ടാവുന്നുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഈ ഭാഗത്തുകൂടി പോകുന്നത്.

റീ ടാറിങ് നടത്താതെ, അടിക്കടിയുള്ള കുഴിയടയ്ക്കലിൽ കഴിഞ്ഞതവണ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. ടാറിങ് നടക്കുമ്പോൾ ജനപ്രതിനിധികളും നാട്ടുകാരും പ്രവൃത്തിയിലെ അപാകം സംബന്ധിച്ച് പരാതിയുന്നയിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. എന്നാൽ, അറ്റകുറ്റപ്പണികഴിഞ്ഞ് മാസങ്ങൾ പൂർത്തിയാകുംമുൻപ് റോഡ് പഴയസ്ഥിതിയിലായി.

'പ്രത്യേക പാക്കേജ് അനുവദിക്കണം'

ഓരോവർഷവുമുള്ള കുഴിയടയ്ക്കൽ പ്രഹസനത്തിനുപകരം റോഡിന് പ്രത്യേക പാക്കേജ് അനുവദിച്ച് വീതികൂട്ടി പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് കോൺഗ്രസ് കക്കയം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിനോദസഞ്ചാരികളും കെഎസ്ഇബി, വനംവകുപ്പ് ജീവനക്കാരുടേതടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരംകാണുന്നില്ലെങ്കിൽ സമരത്തിന് നേതൃത്വംനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം ആൻഡ്രൂസ് കട്ടിക്കാന അധ്യക്ഷതവഹിച്ചു. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി പുല്ലംകുന്നേൽ, ജോൺസൺ കക്കയം, സി.കെ. ഗോപാലൻ, ചാക്കോ വല്ലയിൽ, തോമസ് പുളിക്കൽ, പത്രോസ് പന്നിവെട്ട്പറമ്പിൽ, നിപിൻ ഐകുളമ്പിൽ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post