Trending

നവകേരള സദസ്സ് വഴിതുറന്നു; പുതുമോടിയിൽ ബാലുശ്ശേരി ബസ്‌സ്റ്റാൻഡ് ഒരുങ്ങുന്നു



ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ മഴയും വെയിലും കൊണ്ടുള്ള ബസ് കയറ്റത്തിന് വിരാമമാകുന്നു. നവകേരള സദസ്സിൽ ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് കോടി രൂപ അനുവദിച്ചതോടെയാണ് സ്റ്റാൻഡിൽ മേൽക്കൂരയൊരുങ്ങുന്നത്. പുരുഷൻ കടലുണ്ടി എംഎൽഎയായിരിക്കെ ആസ്തി വികസന ഫണ്ടിൽനിന്ന് 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവിട്ടായിരുന്നു ബസ്‌സ്റ്റാൻഡ് നിർമാണം. ദിവസേന 130ഓളം ബസുകളാണ് നിലവിൽ സ്റ്റാൻഡിൽ എത്തുന്നത്.

കവാടത്തിൽനിന്ന് 30 മീറ്റർ അകലത്തിലുള്ള ബസ്‌സ്റ്റാൻഡിലെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങളാണുള്ളത്. ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ പുരുഷ-വനിത ശുചിമുറികൾ, വിശാലമായ ഇരിപ്പിട സൗകര്യം, കോഫി ഷോപ്പ്, ജനസേവന കേന്ദ്രം തുടങ്ങിയവ ഇവിടെയുണ്ട്. 

നവീകരണം പൂർത്തിയാകുന്നതോടെ ജില്ലയിലെ മികച്ച ബസ് സ്റ്റാൻഡുകളിൽ ഒന്നാകും ബാലുശ്ശേരിയിലേത്. കെ എം സച്ചിൻ ദേവ് എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട സന്ദർശനം ഉൾപ്പെടെ പൂർത്തിയായി. 

ബാലുശ്ശേരി മണ്ഡലത്തിന്റെ ആസ്ഥാന കേന്ദ്രമായ അങ്ങാടിയും ബസ് സ്റ്റാൻഡും കൂടുതൽ സൗകര്യത്തോടുകൂടി നവീകരിക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. വിശാലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സ്ഥലപരിമിതി പരിഗണിച്ചുകൊണ്ടാണ് രണ്ടാംഘട്ട വികസനം സാധ്യമാക്കുന്നത്. ബാലുശ്ശേരി ടൗണിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് വൈകുണ്ഡം മുതൽ പോസ്റ്റോഫീസ് വരെ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ പൂർത്തിയായിവരുന്നതായും സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post