കൂരാച്ചുണ്ട് : കുട്ടിയാനയുമായി കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്കുസമീപം ഇറങ്ങിയതോടെ കരിയാത്തുംപാറ മീൻമുട്ടി മേഖലയിലെ കുടുംബങ്ങൾ ഭീതിയിൽ. കരിയാത്തുംപാറ മീൻമുട്ടി റോഡിന് കിഴക്കുവശം അവസാനഭാഗത്ത് പാണ്ടംമനയിൽ മത്തായിയുടെ റബ്ബർത്തോട്ടത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാട്ടാനക്കൂട്ടം. നെടിയപാലയ്ക്കൽ ദേവസ്യ, പുതുപറമ്പിൽ ജോസഫ് എന്നിവർചേർന്ന് തോട്ടത്തിലും ശല്യമുണ്ട്. വ്യാഴാഴ്‌ച രാവിലെയും കാട്ടാനകളെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. അഞ്ചിലധികം ആനകൾ സ്ഥലത്തുണ്ടെന്ന് പറയപ്പെടുന്നു. കക്കയം ഫോറസ്റ്റ് സ്റ്റേഷനുകീഴിലുള്ള വനംവകുപ്പിന്റെ ആർആർടി സംഘം പടക്കംപൊട്ടിച്ച് ആനകളെ വനത്തിലേക്ക് ഓടിച്ചുവിട്ടിരുന്നെങ്കിലും അധികംവൈകാതെ തിരിച്ചെത്തുകയായിരുന്നു.
കാട്ടാന നിലയുറപ്പിച്ചുനിൽക്കുന്ന ഭാഗത്തിനുസമീപം ജനവാസമേഖലയാണ്. പ്രദേശവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയായ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് കൂച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനയ്ക്കൽ ആവശ്യപ്പെട്ടു.