പെരുവണ്ണാമൂഴി : മുതുകാട് കുളത്തൂർ
ആദിവാസി ഉന്നതിയിൽ വിൽസന്റെ മകൻ ബിനു (17) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. വെള്ളിയാഴ്ച വൈകീട്ടാണ് ബിനുവിനെ കുളത്തൂർ സാംസ്കാരിക നിലയത്തിന് സമീപത്തെ വീട്ടിൽ ജനലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്കായിപ്പോയ അച്ഛൻ തിരികെ വന്നപ്പോഴാണ് കണ്ടത്.
ബിനുവിന്റെ സഹോദരൻ വിപിൻ (23)നെ കഴിഞ്ഞമാസം വീടിനടുത്തുള്ള ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാർ പോലീസിനോട് മൃതദേഹം മാറ്റുന്നതിന് മുൻപ് ഫൊറൻസിക് പരിശോധന ആവശ്യപ്പെടുകയായിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി.
ബെന്നി, പേരാമ്പ്ര ഡിവൈഎസ്പി കെ.പി. സുനിൽകുമാർ, പെരുവണ്ണാമൂഴി ഇൻസ്പെക്ടർ. പി. അജിത് കുമാർ, എസ്ഐ ജിതിൻ വാസ് എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ. സുനിലും സ്ഥലത്തെത്തിയിരുന്നു. നിരന്തരമായി ആദിവാസി ഉന്നതിയിൽ ദുരൂഹമരണം നടക്കുന്നതിൽ നാട്ടുകാർ പോലീസിനോട് സ്ഥലത്തുവെച്ച് പ്രതിഷേധമറിയിക്കുകയും ചെയതു. ഇനി ഇത്തരത്തിലൊരു മരണമുണ്ടാകരുതെന്ന് ആവശ്യവും ഉന്നയിച്ചു.
Tags:
latest