Trending

സി സി അടയ്ക്കാൻ 1500 രൂപ വേണം; അച്ഛനുമായി തർക്കം, കോൺക്രീറ്റ് സ്ലാബിൽ തല ഇടിപ്പിച്ച് കൊലപ്പെടുത്തി മകൻ




കുമളി: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വണ്ടിപ്പെരിയാർ കന്നിമാർചോല പുതുപ്പറമ്പിൽ മോഹന(65)ന്റെ മരണത്തിന് പിന്നാലെ മകൻ വിഷ്ണു(26)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് മോഹനനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യലഹരിയിൽ വിഷ്ണു വീട്ടിലെത്തുകയും ബൈക്കിന്റെ സി സി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് 1500 രൂപ വിഷ്ണു ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള വഴക്ക് തീർത്ത ശേഷം അമ്മ കുമാരി കുളിക്കാൻ പോയി. എന്നാൽ തിരികെയെത്തിയ കുമാരി മോഹനൻ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
വഴക്കിനിടെ അച്ഛൻ വീണെന്നും അനക്കമില്ലെന്നും വിഷ്ണു അമ്മയോട് പറഞ്ഞു. തുടർന്ന് ഇവർ നാട്ടുകാരെ വിളിച്ചു വരുത്തി. മോഹനന്റെ മകൾ ധന്യയും ഭർത്താവുമെത്തി മോഹനനെ ആശുപത്രിയിൽകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിഷ്ണു സമ്മതിച്ചില്ല. മോഹനനെ കിടത്തിയിരുന്ന കട്ടിലിന് താഴെ രക്തം വാർന്നത് ഇയാൾ തുണിയിട്ട് മൂടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള ആളുകളെ എത്തിച്ച് തെളിവുകൾ ശേഖരിച്ചു. തുടർന്ന് മോഹനന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഇതിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് തന്നെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വിഷ്ണു കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാക്കുതർക്കത്തിനിടയിൽ വീടിനുള്ളിലെ കോൺക്രീറ്റ് സ്ലാബിൽ അച്ഛന്റെ തല നാലുതവണ ഇടിച്ചു എന്നാണ് വിഷ്ണു പൊലീസിൽ മൊഴി നൽകിയത്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ ഡി സുവർണ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Post a Comment

Previous Post Next Post