Trending

കന്നിയങ്കത്തിൽ കിരീടം ചൂടി അത്‌ലാന്റീസ്‌ കല്ലാനോടിന്റെ പട്ടാഭിഷേകം.



വട്ടുകുളാരവാവേശം_2025...⚽🥅🏆

*MATCH_NO_11@ഫൈനൽ.*

'അത്‌ലാന്റീസ്‌ കല്ലാനോട് : 2,
MYC കക്കയം :0

39-)മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സര ദിനമായ ഇന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനും, കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റുമായ പത്മശ്രീ ഐ.എം.വിജയൻ, ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, ഫുട്‌ബോൾ മൈതാനങ്ങളിലെ സൂപ്പർ സ്റ്റാർ സൽമാൻ കുറ്റിക്കോട് ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികൾ ടീം അംഗങ്ങളെ പരിചയപെട്ടു.

ഒരു നന്ദി പറഞ്ഞു കൊണ്ട് ഫൈനൽ മത്സരത്തെ കുറിച്ചെഴുതി തുടങ്ങാം..!


അക്ഷരാർത്ഥത്തിൽ മലയോര - കുടിയേറ്റ മണ്ണിന്റെ ലോകകപ്പ് മത്സരം എന്നറിയപ്പെടുന്ന ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്റെ 39-)ആമത് സീസണിനാണ് തിരശീല വീഴുന്നത്. നമ്മുടെ സംസ്ഥാനത്ത് തന്നെ ഇത്രയും പഴക്കമുള്ള മറ്റൊരു ഇലവൻസ് ടൂർണമെന്റുണ്ടോ എന്ന് സംശയം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും ,കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കി നടക്കുന്ന ഈ ടൂർണമെന്റ് കേരളത്തിന്റെ കായിക ചരിത്രത്തിൽ തന്നെ ഇടം നേടിയ ടൂർണമെന്റ് ആയിരിക്കും.

ഓരോ തവണ ടൂർണമെന്റ് കടന്ന് വരുമ്പോഴും അങ്ങ് ഏഴാം കടലിനക്കരെയുള്ള നമ്മുടെ പ്രവാസി സുഹൃത്തുക്കൾ വേദനയോടെയാണ് സമയം തള്ളി നീക്കി കൊണ്ടിരിക്കുന്നുണ്ടാവുക. കളി കാണുന്നവർ ഫോണിലൂടെ കൈയമാറുന്ന വിവരങ്ങൾ മാത്രമാണ് അവർക്ക് കളി അറിയാനുള്ള ഏക മാർഗം..

എന്നാൽ ഇത്തവണ കളി മാറി.. ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ അച്ഛന്റെ കൃത്യമായ ഇടപെടലിന്റെ ഭാഗമായി കമ്മിറ്റി നേതൃത്വത്തിൽ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ആരംഭിച്ചത് നൂറ് കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമായി. നമ്മുടെ നാടിന്റെ നട്ടെല്ലും നിലനിൽപ്പുമായ പ്രവാസി സുഹൃത്തുക്കളുടെ ഏറെ കാലമായുള്ള ആഗ്രഹമാണ് ഈ തവണ പൂവണിഞ്ഞത്. യുവ ബിസിനസ്കാരനും, അത്‌ലാന്റീസ്‌ കല്ലാനോട്‌ ടീം കപ്പിത്താനുമായ വിമലിന്റെ ഇടപെടലും ലൈവ് ടെലികാസ്റ്റിങ് മനോഹരമാക്കാൻ കാരണമായി. ഷിജോ KS ന്റെ നേതൃത്വത്തിലുള്ള ടീം ആണ് മത്സരങ്ങൾ ലൈവ് ആയി കാണിക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവർക്കും പ്രവാസി സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ വലിയൊരു നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു...അടുത്ത വർഷങ്ങളിൽ ഇതിലും മികച്ച രീതിയിൽ തുടരാൻ കമ്മിറ്റിക്ക് സാധിക്കട്ടെ.. 🥰

ഫൈനൽ മത്സരത്തിലേക്ക് വന്നാൽ, ടൂർണമെന്റിൽ പങ്കെടുത്ത 12 ടീമുകളിൽ നിന്ന് ആറ്റികുറുക്കി കടഞ്ഞെടുത്ത രണ്ട് ടീമുകൾ, രണ്ട് പേരും കളി മികവ് കൊണ്ടും, കായിക മികവ് കൊണ്ടും, ആരാധക പിൻബലം കൊണ്ടും വട്ടുകുളം ട്രോഫിയിൽ മുത്തമിടാൻ അർഹരായവർ..!

ഇരു ടീമുകളെ കുറിച്ചും നേരത്തെ നടന്ന കളികളിൽ വിവരങ്ങൾ കൈമാറിയത് കൊണ്ട് നേരെ ഇന്നത്തെ കളിയിലേക്ക് കടക്കാം.

ഒരു വശത്ത് കാപ്പിരികൾക്കൊപ്പം, സന്തോഷ്‌ ട്രോഫി താരങ്ങൾ അടക്കമുള്ള പ്രഗത്ഭതാരങ്ങളെ അണിനിരത്തി ടീം അത്‌ലാന്റീസ്‌ കല്ലാനോടും, മറു വശത്ത് പ്രാദേശിക താരങ്ങൾക്ക് മുൻതൂക്കം നൽകി ടൂർണമെന്റിലെ കറുത്ത കുതിരകളെ പോലെ എതിരാളികളെ നിഷ്പ്രഭമാക്കി ഫൈനലിലേക്ക് യോഗ്യത നേടിയ MYC കക്കയവും.

എഫ്സി അരീക്കോട് (4-1), FCS കൂരാച്ചുണ്ട് (1-0), FC തലയാട് (2-0) എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കക്കയം ഫൈനലിലേക്ക് യോഗ്യത നേടിയതെങ്കിൽ, ടൂർണമെന്റ് BYE ടീം ആയ കല്ലാനോട്‌ വയനാടിനെയും (2-1), വിക്ടറി ചാലിടത്തിനെയും (പെനാൽറ്റി ഷൂട്ടൗട്ട് ) പരാജയപ്പെടുത്തിയാണ് കലാശപോരാട്ടത്തിലേക്ക് എത്തിയത്.

ടൂർണമെന്റിലെ ആദ്യ കളികളിൽ പുറത്തെടുത്ത പ്രകടനം പുറത്തെടുക്കാൻ കക്കയം ടീമിന് സാധിക്കാതെ വന്നതോടെ ഫൈനൽ മത്സരം ഏകപക്ഷീയമായ രീതിയിലേക്ക് മാറി. സൂപ്പർ താരങ്ങൾ അണി നിരന്ന കല്ലാനോടിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം മുന്നോട്ട് പോയത്. പ്രാദേശിക താരങ്ങളെ അണി നിരത്തിയതിനാൽ കക്കയത്തിനായിരുന്നു ഗ്രൗണ്ട് സപ്പോർട് കൂടുതൽ. മത്സരത്തിന്റെ 8ആം മിനിറ്റിലും, 38ആം മിനിറ്റിലും ജേഴ്സി നമ്പർ 11 ഷംസു നേടിയ രണ്ട് ഉജ്ജ്വല ഗോളുകളുടെ പിൻബലത്തിൽ കന്നിയങ്കത്തിൽ തന്നെ അത്‌ലാന്റീസ്‌ കല്ലാനോട്‌ ജേതാക്കളായി വട്ടുകുളം ട്രോഫി ഉയർത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫുട്‌ബോൾ മൈതാനങ്ങളിലെ വികാരമായി മാറിയ സൽമാൻ കുറ്റിക്കോട് കല്ലാനോട്‌ ജഴ്സിയിൽ പന്ത് തട്ടാൻ ഇറങ്ങിയതോടെ ഗ്യാലറി മൊത്തത്തിൽ കയ്യടിയോടെ സ്വീകരിച്ചു.

*സൽമാനെ കുറിച്ച് രണ്ട് വാക്ക്..!*

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി കുറ്റിക്കോട് എന്ന പ്രദേശത്തുകാരനാണ് സൽമാൻ. പാറപ്പുറത്ത് വീട്ടിൽ പരേതനായ മമ്മുട്ടിയെന്ന മുഹമ്മദ് കുട്ടിയുടേയും ഫാത്തിമയുടേയും പത്ത് മക്കളിൽ ഒമ്പതാമൻ. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 35-കാരനായ സൽമാനെ ചെറുപ്പം തൊട്ടെ ആരും അകറ്റിനിർത്തിയിട്ടില്ല. സഹോദരങ്ങളും സുഹൃത്തുക്കളും ചേർത്തുപിടിച്ചു. യാത്രകളിലും കളികാണാൻ പോകുമ്പോഴും നേർച്ചകളിലും ഉത്സവങ്ങളിലും സുഹൃത്തുക്കൾ സൽമാനെ ഒപ്പംകൂട്ടി. തൊട്ടുമുകളിലുള്ള സഹോദരൻ റഷീദും മറ്റു സഹോദരങ്ങളുടെ മക്കളും അവരുടെ സുഹൃത്തുക്കളുമൊക്കെയായി വലിയ സൗഹൃദവലയം തന്നെയുണ്ട് സൽമാന്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എല്ലാ പരിപാടികൾക്കും അവർ സൽമാനെ കൂടെക്കൂട്ടും. തിരിച്ച് സൽമാനും അങ്ങനെ തന്നെ. ഇപ്പോൾ താരമായപ്പോൾ എങ്ങോട്ട് പോകുമ്പോഴും എല്ലാവരും കൂടെ വേണമെന്നാണ് വാശി. ആരെങ്കിലും വന്നില്ലെങ്കിൽ അവിടെ നിന്ന് അനങ്ങില്ല. അവരെ ഫോണിൽ വിളിച്ച് വരുത്തും.


രണ്ട് വർഷങ്ങൾ മുമ്പ് ഇൻസ്റ്റഗ്രാം റീൽസിലൂടെ വീഡിയോകൾ വന്നതോടെയാണ് സൽമാനെ പുറംലോകമറിയുന്നത്. കൂട്ടുകാർ ഒരുമിച്ചിരിക്കുന്ന ഘട്ടത്തിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ടുകൊണ്ടിരിക്കെ അൻസാബ് ആ ആശയം മുന്നോട്ടുവച്ചത്. സൽമാനെ വെച്ച് അതുപോലൊരു വീഡിയോ ചെയ്താലോയെന്ന് കൂട്ടുകാരോട് ചോദിച്ചു. വീഡിയോയ്ക്കായി സൽമാനെ മനസ്സിലാക്കി എടുക്കാൻ കൂട്ടുകാർ നന്നായി പണിയെടുത്തിട്ടുണ്ട്. വീഡിയോ അപ് ലോഡ് ചെയ്യുമ്പോൾ അവർ സൽമാനെ ജീവിതം തന്നെ ഇത് മാറ്റിമറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യ വീഡിയോയ്ക്ക് തന്നെ രണ്ട് മില്യൺ വ്യൂസ് ലഭിച്ചതോടെ കൂട്ടുകാർക്ക് ആവേശമായി. തന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ജീവനാണ് സൽമാന്. സഹോദരന്റെ മകൻ ഷറഫു വിദേശത്തേക്ക് യാത്രയാക്കാൻ കൂട്ടുകാരൊന്നിച്ച് പോയി. കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് സൽമാൻ ഷറഫുവിനെ യാത്രയാക്കിയത്. കൂട്ടുകാരിലൊരാൾ ഇതിന്റെ വീഡിയോ പകർത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലിട്ട ഈ വീഡിയോ വൈറലായി. കൂട്ടുകാർ പിന്നീട് സൽമാനെ വെച്ച് നിരന്തരം വീഡിയോകൾ ചെയ്തു. തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഒറ്റത്തവണ കാര്യം പറയുമ്പോൾ തന്നെ സൽമാൻ അനുകരിക്കാനും ചെയ്തുകാണിക്കാനും തുടങ്ങി..!

അഞ്ചു വയസുണ്ടാകുമ്പോഴേ ഒരു വയസുകാരന്റെ ബുദ്ധി ഉണ്ടാകൂവെന്നാണ് സൽമാനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്. ജന്മാ ഉള്ള വൈകല്യം കാരണം വീടിനുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്ന സൽമാൻ ഇന്ന് സാധാരണ മനുഷ്യരേക്കാൾ ഊർജ്ജസ്വലതയോടെ കാണാൻ സാധിക്കുന്നതിന്റെ പ്രധാന ചികിത്സ ചേർത്തുപിടിക്കൽ മാത്രമാണ്. അകറ്റിനിർത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ചേർത്തുനിർത്തി എല്ലാ പരിഗണനകളും നൽകിയതോടെ വലിയ മാറ്റമാണ് തന്റെ മകന് ഉണ്ടായിട്ടുള്ളതെന്ന് ഉമ്മ ഫാത്തിമയും സഹോദരങ്ങളും സാക്ഷ്യപ്പെടുത്തും. മറ്റൊരു മരുന്നും എന്റെ മകന് ഇപ്പോഴില്ല. എല്ലാവരോടും വലിയ കടപ്പാടുണ്ട് ഫാത്തിമ പറയുന്നു.

എഴുതാനും വായിക്കാനും സൽമാന് അറിയില്ല. വാട്സാപ്പിലെ പ്രൊഫൈൽ ചിത്രങ്ങൾ കണ്ടാണ് സുഹൃത്തുക്കളേയും മറ്റും ബന്ധപ്പെടുന്നത്. വോയ്സ് കോളാണ് അയക്കുക. പരിചിതരല്ലാത്തവർക്ക് സൽമാന്റെ ഭാഷ അത്ര പെട്ടന്ന് മനസ്സിലാകില്ലെങ്കിലും ഞങ്ങൾക്ക് സൽമാൻ പറയുന്നത് കൃത്യമായി തിരിച്ചറിയാനാകുമെന്ന് സുഹൃത്ത് കബീർ പറയുന്നു.


നാട്ടുകാരും വീട്ടുകാരും അകറ്റിനിർത്താതെയും ചേർത്തു നിർത്തിയും താരപരിവേഷം നൽകിയ ഇന്ന് മാസത്തിലെ മുപ്പത് ദിവസം പരിപാടികളാണ്. സൽമാനില്ലാതെ നാട്ടിൽ ഒരു ആഘോഷവുമില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനോടകം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ക്ലബ്ബുകൾ തങ്ങളുടെ ഭാഗ്യതാരമായിട്ടാണ് സൽമാനെ കാണുന്നത്. ഫുട്ബോൾ മൈതാനങ്ങളിൽ ബൂട്ടണിയിച്ച് ക്ലബ്ബുകൾ സൽമാനെ കൂടെനിർത്തും. 'ഇപ്പോൾ എവിടെ പോയാലും വലിയ താരങ്ങളെ പോലെ ആളുകൾ കൂടി സെൽഫിയെടുക്കാൻ തിരക്ക് കൂടും' സഹോദരൻ റഷീദ് പറയുന്നു. ഉദ്ഘാടനങ്ങൾക്ക് പോയി വരുമ്പോൾ ഇപ്പോൾ പണമൊക്കെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം കൈയിൽ തന്നെയാണ് പണം സൂക്ഷിക്കുക..
സഹോദരങ്ങളുടെ അടക്കം മൂന്ന് വീടുകൾ ചേർന്ന് കോമ്പൗണ്ടിനുള്ളിലാണ് സൽമാന്റെ വീട്. ഒരു വീട്ടിൽ ഉറക്കം, ഒരു വീട്ടിൽ കിടത്തം അങ്ങനെ ജീവിതരീതി തന്നെ വ്യത്യസ്തമാണ്. ആദ്യമൊക്കെ സഹായം വേണ്ടിയിരുന്നെങ്കിലും ഇപ്പോൾ സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിന് പരസഹായം ആവശ്യമില്ല. കൂട്ടുകാർ നൽകിയ ചികിത്സയുടെ ഫലമാണിതെന്ന് വീട്ടുകാർ ഉറച്ച് വിശ്വസിക്കുന്നു.

ജന്മനാ തൊട്ടുള്ള വൈകല്യങ്ങളും പരിമിതികളും കാരണം പിതാവ് മുഹമ്മദ് കുട്ടിക്ക് പത്ത് മക്കളിൽ ഏറ്റവും വാത്സല്യം സൽമാനോടായിരുന്നു. ഭിന്നശേഷിസ്കൂളിൽ ചേർത്തെങ്കിലും അവിടുത്തെ മറ്റു കുട്ടികളുടെ വിഷമങ്ങൾ കണ്ട് മുഹമ്മദ് കുട്ടി സൽമാനെ അവിടെ നിന്ന് ഇറക്കിക്കൊണ്ടുവന്നു. നമ്മളോടൊപ്പം നിന്ന് തന്നെ അവൻ പഠിക്കട്ടെ എന്നായിരുന്നു മുഹമ്മദ് കുട്ടിയുടെ അഭിപ്രായം. പന്ത്രണ്ട് വർഷം മുമ്പ് മുഹമ്മദ് കുട്ടി മരിച്ചു. കളി കാണാനും കടകളിലേക്കും എല്ലാ ആഘോഷങ്ങളിലേക്കും കൈപിടിച്ച് കൊണ്ടുപോയിരുന്ന പിതാവിന്റെ വിയോഗം സൽമാനെ ഒരുപാട് ഒറ്റപ്പെടുത്തി. പക്ഷേ, സുഹൃത്തുക്കളും സഹോദരങ്ങളും അവനെ ചേർത്തുപിടിച്ചു. അവർക്കൊപ്പം അവരിലൊരാളായി മാറ്റിനിർത്താതെ അവർ മുന്നോട്ട് പോകുന്നു.... പലർക്കും മാതൃകയായി..

*പ്രിയരേ, നമുക്കിടയിലുമുണ്ട് സൽമാൻമാർ അവരെയൊന്നും നമ്മൾ മാറ്റി നിർത്തരുത്.. ധേ ഇത് പോലെ കൂടെ ചേർത്ത് പിടിക്കണം..'*

മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴുങ്ങി..!
നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ടീമുകളും വ്യക്തിഗത പുരസ്കാര ജേതാക്കളും ട്രോഫികളും പ്രൈസ്മണിയും ഏറ്റുവാങ്ങി.. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐ.എം.വിജയൻ തന്നെയാണ് ട്രോഫികൾ കൈമാറിയത്..


*ആവേശമായി ഐ.എം.വിജയൻ : ഒഴുകിയെത്തിയത് ആയിരങ്ങൾ*

കുടിയേറ്റത്തിന്റെ ചൂടും ചൂരും ആവേശമുയർത്തുന്ന മലയോര ഗ്രാമത്തിൽ നിന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ഉയർന്ന് കേട്ട കാൽപന്ത് കളിയുടെ ആരവാവേശത്തിന് ഉജ്ജ്വല സമാപനം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും ,കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കിയാണ് 39-)മത് ജോർജ് വട്ടുകുളം സ്മാരക ഫുട്‌ബോൾ ടൂർണമെന്റ് നടന്നത്.

മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനും, കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റുമായ പത്മശ്രീ ഐ.എം.വിജയൻ ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു മലയോരം. ഫൈനൽ മത്സരം രണ്ട് പ്രാദേശിക ടീമുകൾ തമ്മിലുള്ളതായതും 12000 പേരെ കൊള്ളാവുന്ന ഗ്യാലറി നിറയാൻ കാരണമായി. നൂറ്കണക്കിന് സ്ത്രീകളും ഫുട്‌ബോൾ മത്സരങ്ങൾ കാണാനെത്തിയിരുന്നു.

കല്ലാനോട്‌ സെയ്ന്റ് മേരീസ് ഹൈസ്ക്കൂളിന്റെ ബാൻഡ് സെറ്റ് ടീമിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് ഐ.എം.വിജയനെ സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടീം അംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. ടൂർണമെന്റ് കമ്മിറ്റിയുടെ സ്നേഹോപഹാരം കമ്മിറ്റി സെക്രട്ടറി അനു കടുകൻമാക്കൽ കൈമാറി.

ആദ്യ വരവിൽ കപ്പൂയർത്താൻ സാധിച്ചതിന്റെ സന്തോഷത്തിൽ ടീം കല്ലാനോടും, ഒന്നും നഷ്ടപ്പെടാനില്ലാതെയും, അവകാശവാദങ്ങളില്ലാതെയും പോരാട്ടത്തിനിറങ്ങി 20 വർഷങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയോടെ ടീം കക്കയവും ഫൈനൽ ദിനം ആഘോഷമാക്കി.

ടൂർണമെന്റ് ഒറ്റ നോട്ടത്തിൽ:👇

➕ *വിജയികൾ* :- അത്‌ലാന്റീസ്‌ കല്ലാനോട്‌

➕ *റണ്ണേഴ്സ്* : MYC കക്കയം

➕ *മികച്ച താരം* :- സിനാൻ, MYC കക്കയം

➕ *മികച്ച ഗോൾകീപ്പർ* :അഖിലേഷ്, MYC കക്കയം

➕ *മികച്ച ഡിഫന്റർ*: മനോജ്‌,അത്‌ലാന്റീസ്‌ കല്ലാനോട്‌

➕ *മികച്ച യുവ താരം*: സച്ചിൻ, MYC കക്കയം 

➕ *ഫൈനൽ മത്സരത്തിലെ മികച്ച താരം* : ഷംസു, അത്‌ലാന്റീസ്‌ കല്ലാനോട്‌ 

➕ *മികച്ച ആസ്വാദകൻ*:  കുരുപിലാക്കൽ കുഞ്ഞുവർക്കി ചേട്ടൻ 

വിജയ കിരീടം ചൂടിയ 
അത്‌ലാന്റീസ്‌ കല്ലാനോട്‌, MYC ടീം മാനേജ്മെന്റുകൾക്കും ,താരങ്ങൾക്കും, അഭിനന്ദനങ്ങൾ...!

മികച്ച രീതിയിൽ ടൂർണമെന്റ് നടത്താൻ മുന്നൊരുക്കങ്ങൾ നടത്തിയ ടൂർണമെന്റ് കമ്മിറ്റിക്കും, കളിയാസ്വാദകർക്കും, ഒപ്പം ഫൈനൽ മത്സരം കളർഫുൾ ആക്കാൻ ഐ.എം.വിജയൻ സാറിനെയും, സൽമാനെയും നാട്ടിലെത്തിച്ച വിമൽ ജേക്കബ് അരിമറ്റംവയലിനും ഹൃദയാഭിവാദ്യങ്ങൾ..!

ഇനി വട്ടുകുളാരവാവേശവുമായി അടുത്ത വർഷം കാണാം. വായിക്കാൻ മനസ് കാണിച്ചവർക്കും,വിമർശിച്ചവർക്കും,ഒന്നും മിണ്ടാതെ പോയവർക്കും നന്ദി.. നന്ദി.. നന്ദി..🤝

✍🏿നിസാം കക്കയം

Post a Comment

Previous Post Next Post