Trending

പ്രവാസി യാത്രക്കാർക്ക് തിരിച്ചടി, എയർ ഇന്ത്യ എക്സ്‍പ്രസ് കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ചു




മസ്കറ്റ്: ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്.

ഫെബ്രുവരി 9 മുതലാണ് ഈ റദ്ദാക്കലുകള്‍ പ്രാബല്യത്തില്‍ വരുന്നത്. മാർച്ച് 25 വരെ തുടരും. ഓഫ് സീസണ്‍ ആയതുകൊണ്ടാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഫെബ്രുവരി ഒമ്പതിന് രാവിലെ 8.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിലെത്തുന്ന വിമാനവും അന്ന് തന്നെ മസ്കത്തിൽ നിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്തെത്തുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ മാർച്ച് 16 വരെയുമുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവീസുകളും ഒഴിവാക്കിയിട്ടുണ്ട്.

മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഒൻപത് സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകളാണ് കൂടുതലായി റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 9, 12, 15, 17, 19, 20, 24, 26, 27 തീയതികളിൽ കോഴിക്കോട് സർവീസ് ഉണ്ടാകില്ല.

കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസുകൾ കുറച്ചിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാത്രമാണുണ്ടാവുക. ആഴ്ചയിൽ ആറ് സർവീസുകൾ നടത്തിയിരുന്നത് നാലായി ചുരുക്കി. കൊച്ചിയിലേക്കും ഫെബ്രുവരി 17 മുതൽ നാല് സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.

Post a Comment

Previous Post Next Post