തൃശൂർ: കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സഹതടവുകാരി രംഗത്ത്. കേസിൽ മന്ത്രിസഭ ഇടപെട്ട് ഷെറിനെ വെറുതെ വിടാൻ തീരുമാനമായതിനെ തുടർന്നാണ് പുതിയ വെളിപ്പെടുത്തൽ. തടവിൽ കഴിഞ്ഞിരുന്ന സമയത്ത് ഷെറിന് വഴിവിട്ട സഹായങ്ങൾ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത പറഞ്ഞു. ജയിലിൽ വിഐപി പരിഗണനയാണ് ഷെറിന് ലഭിച്ചത്. മറ്റ് തടവുകാരെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. ഉന്നത ബന്ധങ്ങൾ മൂലം അനുവദനീയമായതിലധികം പരോളുകൾ ലഭിച്ചുവെന്നും ഇവർ പറഞ്ഞു.
അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. മന്ത്രി ഗണേഷ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവിൽ ഷെറിന് വഴിവിട്ട പരോൾ ലഭിച്ചു. കാരണവർ കൊലക്കേസിലെ കുറ്റവാളിയായ ഷെറിൻ ഒരു വി.ഐ.പിയാണ്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചുവെന്നും സുനിത പറഞ്ഞു. വധശ്രമക്കേസിൽ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂർ പത്താംക്കല്ല് സ്വദേശിനിയാണ് ഇവർ.
2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയായിരുന്നു. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി ഉണ്ടാവുകയും ചെയ്തതായും സുനിത പറഞ്ഞു. കാരണവർ വധക്കേസിൽ പ്രതി ഷെറിന് അനധികൃതമായി പരോൾ നൽകിയതിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് കേസിൽ നിന്നും മോചിതയാക്കാനുള്ള ഉത്തരവ് വരുന്നത്.
Tags:
Latest