*കക്കയത്തിന്റെ സ്വപ്ന തുല്യമായ മുന്നേറ്റത്തിൽ തലയാട് വീണു*
✍🏿നിസാം കക്കയം
MATCH NO :9
*വട്ടുകുളാരവാവേശം...*🔥⚽🥅
ആദ്യ സെമി ഫൈനൽ മത്സരം..!
MYC കക്കയം : 2
FC തലയാട് : 0
ഇന്നത്തെ കളിയെ കുറിച്ച് എഴുതണം.. ഒരു കക്കയംകാരൻ എന്ന നിലയിൽ മനസ് പ്രക്ഷുബ്ദമാണ്.. സത്യത്തിൽ എഴുതാൻ വാക്കുകൾ ഇല്ലാത്ത അവസ്ഥ.. അല്ലെങ്കിൽ തന്നെ എവിടെ നിന്നാണ് എഴുതി തുടങ്ങുക..?
20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ടീം MYC കക്കയം മലയോരത്തിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു.
ഒരാൾ പോലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത നേട്ടം.. ടൂർണമെന്റിലെ കറുത്ത കുതിരകൾ..!
ഈ 20 വർഷം ക്ഷമയോട് കൂടിയുള്ള കാത്തിരിപ്പ് ആയിരുന്നു.. പല താരങ്ങളും വന്നു പോയി കൊണ്ടിരുന്നു.. പലരും ബൂട്ടഴിച്ചു..
ഒരാൾ ബൂട്ട് അഴിക്കുമ്പോൾ രണ്ട് പുതിയ താരങ്ങൾ ബൂട്ട് കെട്ടുന്ന പതിവ് പാരമ്പര്യം ഫുട്‌ബോളിനെ നെഞ്ചോട് ചേർത്ത ആ നാട് തുടർന്ന് കൊണ്ടിരുന്നു.
MYC ക്ക് പുറമേ, ബ്രീസ്, മലബാർ, ചലഞ്ചേഴ്സ് തുടങ്ങിയ വിവിധ ടീമുകളും ഈ കാലഘട്ടത്തിൽ പലപ്പോഴായി പിറവിയെടുത്തു.
ജില്ലയുടെ പല ഭാഗങ്ങളിൽ നടന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളിൽ കിരീടം നേടുമ്പോഴും, പഞ്ചായത്ത് മേളകളിൽ സ്ഥിരമായി വിജയങ്ങൾ തുടരുമ്പോഴും കക്കയത്തിന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു എന്നാലും വട്ടുകുളം...?
വർഷങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു.. ഒടുവിൽ 2018/19ൽ സ്വപ്ന തുല്യമായ രീതിയിൽ മുന്നേറിയെങ്കിലും ജോസ്കോ കല്ലാനോടിന്റെ മുന്നിൽ സെമി ഫൈനലിൽ അടിയറവ് പറയേണ്ടി വന്നു.
പിന്നീട് ഇത് വരെ ഒരു ജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ്.. തുടർച്ചയായി 5 വർഷത്തിലധികം ഒരു മത്സരം പോലും ജയിക്കാൻ സാധിക്കാതെ ടൂർണമെന്റിൽ നിന്ന് മടങ്ങേട അവസ്ഥ.. എന്തൊരു ടീമും പ്രതിസന്ധിയിലാവുന്ന സാഹചര്യം..!
ഓരോ തവണ കളിക്കാൻ വരുമ്പോഴും ആദ്യ കളിയാണ് കക്കയത്തിന്റെ ഫൈനൽ അത് കൊണ്ട് മ്മളെ പിള്ളേരെ കളി പിന്നെ കാണാൻ പറ്റില്ല എന്ന് പറഞ്ഞു നാട്ടുകാർ വരുന്ന സാഹചര്യം.. അവർ കളിയാക്കുന്നതല്ല , ആ നാടും നാട്ടാരും സ്വന്തം ടീമിനെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു.
ഓരോ തവണ തോൽക്കുമ്പോഴും അവർ പരസ്പരം പറഞ്ഞു
"നമ്മുടെ പിള്ളേർ അല്ലേ, അവർ നന്നായി കളിച്ചു.. അടുത്ത വർഷം അവർ പിടിക്കും... അവർക്കത് സാധിക്കും"
ഈ വർഷവും വട്ടുകുളം വന്നു.. ആദ്യ കളി പരാജയപ്പെട്ടാൽ, മോശം ടീമുമായി വന്നാൽ അടുത്ത വർഷങ്ങളിൽ ടീമിന് അവസരം ഉണ്ടാകില്ലെന്ന രീതിയിലേക്ക് ടൂർണമെന്റ് കമ്മിറ്റിയുടെ സ്വരം മാറി.. വട്ടുകുളം ടീമിൽ കേരളോത്സവം ടീമിനെ കൊണ്ട് വരല്ലേയെന്ന സ്ഥിരം പല്ലവി കക്കയത്തിന് പുറത്ത് നിന്നുള്ളവർ പരിഹാസ രൂപേണ പറച്ചിൽ തുടർന്നു..!
ഈ വർഷവും MYC യിൽ മീറ്റിംഗ് നടന്നു.. ഒരൊറ്റ ചർച്ച മാത്രം നമുക്കെത്ര കളിക്കാർ ഉണ്ട്, ഏത് പൊസിഷനിലാണ് ഇല്ലാത്തത്..?
അതേ ഇവർ ഇങ്ങനെ തന്നെയാണ്.. സ്വന്തം ടീമിന്റെ കാലുകളിൽ പ്രതീക്ഷയർപ്പിച്ചു തന്നെ ഇത്തവണയും ടീം പ്രഖ്യാപനം വന്നു.
ആദ്യ മത്സരം കാൽപന്ത് കളിയുടെ തലസ്ഥാനമായ മലപ്പുറത്ത് നിന്നെത്തിയ FC അരീക്കോടുമായാണ്..
"എന്തായാലും കാണാൻ പോകണം.. ഇനി അടുത്ത വർഷമല്ലേ നമ്മുടെ കളി ഉണ്ടാവൂ " തമാശയാണെങ്കിലും കാര്യം പറഞ്ഞത് പോലെ ആ നാട്ടിലെ കാൽപന്ത് ആസ്വാദകർ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി.
ടീം ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന്റെ മുമ്പേയുള്ള റൗണ്ടപ്പിൽ ടീം മാനേജർ ബിംസിക് പറഞ്ഞതും ഇങ്ങനെയാണ്
"നല്ല കളി കളിക്കുക, കിട്ടുന്ന ചാൻസ് ഉപയോഗപ്പെടുത്തി ഗോൾ സ്കോർ ചെയ്യുക, അഥവാ ഗോൾ വാങ്ങിയാലും പതറാതിരിക്കുക.. തോറ്റാലും നമുക്ക് തലയുയർത്തി മടങ്ങണം"
ടീം ഗ്രൗണ്ടിലേക്ക്.. ടീം അംഗങ്ങളുടെ കൂടെ പഠിക്കുന്ന 3 യുവതാരങ്ങൾ കൂടി ടീമിനൊപ്പമുണ്ട്..!
മത്സരം തുടങ്ങി.. അവസാനിച്ചു.. 4-1.
ഒരു ചരിത്രത്തുടക്കം തന്നെ ആയിരുന്നു ഇത്. ആദ്യമായി വട്ടുകുളം ടൂർണമെന്റിൽ ബൂട്ട് കെട്ടിയവരടക്കം പുറത്തെടുത്ത മിന്നുന്ന ഫോം ഈ ടീമിനെ ഒടുവിൽ വിജയതീരത്തെത്തിച്ചു.
ടീം നേടിയ ഓരോ ഗോളിലും ടീമിന്റെ സ്വന്തം പടയാളികൾ മൈതാനത്തിന്റെ ഉള്ളിൽ കയറി വരെ ആവേശം പ്രകടിപ്പിച്ചു.
അഞ്ച് വർഷത്തിലധികമായി കാത്തിരുന്നു കിട്ടിയ വിജയമല്ലേ പൊന്നെ. 🥰
രണ്ടാം മത്സരം ക്വാർട്ടർ ഫൈനൽ, എതിരാളികൾ FCS കൂരാച്ചുണ്ട്. കേരളത്തിലെ മികച്ച താരങ്ങളെയും, വിദേശ താരങ്ങളെയും അണി നിരത്തി അവർ ഇത്തവണയും മൈതാനത്തിലിറങ്ങി..
ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ട വീര്യം പുറത്തെടുക്കാൻ കക്കയത്തിന്റെ ചുണക്കുട്ടികളും കളത്തിൽ.
എത്ര ഗോളിന് തോൽക്കും എന്ന് പരസ്പരം ചോദിച്ച ഗ്യാലറിയെ നിശബ്ദരാക്കി ആദ്യ പകുതി അവസാനിച്ചപ്പോൾ ഗോൾരഹിത സമനില പിടിക്കാൻ ടീമിന് സാധിച്ചു.
ആദ്യ പകുതിയിലെ സ്കോർ ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.. ജയിക്കും എന്ന് ഉറപ്പിച്ച് തന്നെ അവർ രണ്ടാം പകുതിയിൽ പൊരുതി.. ഗ്യാലറിയെ അക്ഷരാർത്ഥത്തിൽ പുളകമണിയിച്ച് അഖിലേന്ത്യാ താരങ്ങളെ അണി നിരത്തിയ ടീമിനെതിരെ മത്സരത്തിന്റെ അവസാന മിനിറ്റിൽ കക്കയത്തിന്റെ ഗോൾ.. സച്ചു🔥
ഗ്യാലറി ഇളകി മറിയുകയായിരുന്നു.. ഫൈനൽ വിസിൽ വന്നപ്പോൾ പലരുടെയും കണ്ണ് നിറഞ്ഞതിന് ഈയുള്ളവൻ സാക്ഷി 'അതേ കക്കയത്തിന്റെ യുവ മിഥുനങ്ങൾ FCS നെ അട്ടിമറിച്ച് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നു..'🔥
ഇനി സെമിയിലേക്ക് വരാം..!
പൂനൂർ റിവർഷോർ ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദലി മുണ്ടോടൻ, ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, ടൂർണമെന്റ് കമ്മിറ്റി അംഗം സണ്ണി ജോസഫ് കാനാട്ട് എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു..
കക്കയവും, തലയാടും തമ്മിലുള്ള പോരാട്ടം..
രണ്ട് ടീമും ഒരേ പോലെയുള്ള താരങ്ങൾ.
പ്രാദേശിക ആവേശം.. ആത്മാർത്ഥത.. ടീം സ്പിരിറ്റ്.. എല്ലാം ഒരേ പോലെ..!
തലയാട് ടീം പുറത്തെടുത്ത ഉജ്ജ്വലമായ പോരാട്ടവീര്യത്തെ മുത്തും, അപ്പുണ്ണിയും നേടിയ രണ്ട് ഗോളുകൾക്ക് മറികടന്ന് കക്കയം ടീം ഫൈനലിലേക്ക് യോഗ്യത നേടി.. അതേ 20 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമം..
*MYC കക്കയം ഫൈനലിൽ..*🧡🔥
വട്ടുകുളം ടൂർണമെന്റിനോട് അനുബന്ധിച്ച് കാൽപന്ത് ആസ്വാദകർ ആരംഭിച്ച വാട്സ്ആപ് കൂട്ടായ്മ
നൽകുന്ന മത്സരത്തിലെ മികച്ച താരത്തിനുള്ള HERO OF THE MATCH പുരസ്‌കാരത്തിന് MYC കക്കയത്തിന്റെ മുത്ത് അർഹനായി.
ഒരു ഗോൾ നേടുകയും, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തതാണ് മുത്തിനെ മികച്ച താരത്തിനുള്ള HERO OF THE MATCH പുരസ്‌കാരത്തിന് അർഹനാക്കിയത്.
MSR തലയാട് സ്പോൺസർ ചെയ്ത പുരസ്‌കാരം ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ കൈമാറി.
ഇനി ടൂർണമെന്റിനെ കുറിച്ചുള്ള മറ്റൊരു കാര്യത്തിലേക്ക്.. ഏതൊരു ടൂർണമെന്റിലും പ്രധാനപ്പെട്ട ആശങ്കയാണ് മത്സരത്തിനിടയിൽ പരിക്ക് പറ്റുന്ന കളിക്കാരുടെ കാര്യം. വട്ടുകുളം ടൂർണമെന്റിന്റെ ഓരോ മത്സരത്തിനിടയിൽ പരിക്ക് സംഭവിക്കുന്ന താരങ്ങൾക്കരികിലേക്ക് റഫറിയുടെ അനുവാദം കിട്ടലും പാഞ്ഞെത്തുന്ന ടൂർണമെന്റിന്റെ മെഡിക്കൽ വിംഗ് #റിവർവ്യൂ_ഹോസ്പിറ്റൽ_പൂനൂർ അധികൃതർക്ക് അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ .എല്ലാ മത്സരങ്ങളിലും ഇവരുടെ ഇടപെടൽ കാണാമായിരുന്നു.. പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങൾക്കൊപ്പം ആംബുലൻസ് സൗകര്യമടക്കം ഗ്രൗണ്ടിൽ ഉണ്ടായിരുന്നു.
കക്കയം - തലയാട് ഒന്നാം സെമിഫൈനൽ മത്സരത്തിനിടയിൽ പരിക്ക് പറ്റിയ കക്കയം ടീം അംഗത്തിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആംബുലൻസിലാണ് പൂനൂർ ഹോസ്പിറ്റലിൽ എത്തിച്ചത്. രണ്ട് ഡോക്ടർമാരടങ്ങുന്ന സംഘം അവിടെ ഉണ്ടായിരുന്നു.. എക്സറെ ഉൾപ്പടെ എല്ലാ കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കി നല്ല ഇടപെടൽ തന്നെയാണ് ഹോസ്പിറ്റൽ അധികൃതരുടെയും, ടൂർണമെന്റ് കമ്മിറ്റിയുടെയും എന്ന് നിസംശയം പറയാം..!
ശനിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ വിക്ടറി ചാലിടം കൂരാച്ചുണ്ട്, അത്‌ലാന്റീസ് കല്ലാനോടുമായി ഏറ്റുമുട്ടും.
ഇരു ടീമുകൾക്കും വിജയാശംസകൾ..!