Trending

കക്കയം അങ്ങാടി പാലം അപകടാവസ്ഥയിൽ തുടരുമ്പോൾ കൈവരി നവീകരിച്ച് അധികൃതർ


✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം അങ്ങാടിയിലെ പ്രധാന പാലം വർഷങ്ങളായി അപകടാവസ്ഥയിലായിട്ടും നവീകരിക്കാൻ നടപടിയില്ല. വിനോദ സഞ്ചാരികളുടെയടക്കം ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാലത്തിന്റെ ശോചനീയാവസ്ഥയിൽ ആശങ്ക ഉയരുന്നതിനിടെ പാലത്തിന്റെ കൈവരികൾ മാത്രം നവീകരിച്ചതിൽ പ്രതിഷേധമുയരുന്നുണ്ട്. കക്കയം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ ടൺ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങൾ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. പാലത്തിന്റെ അടിഭാഗം തകർന്ന് കിടക്കുമ്പോൾ കൈവരി മാത്രം നന്നാക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പരാതിപെട്ടപ്പോൾ പാലത്തിന്റെ സംരക്ഷണ മതിലും നവീകരിക്കും എന്നായിരുന്നു ജീവനക്കാരുടെ മറുപടി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ല.

കക്കയം ജലവൈദ്യുത പദ്ധതിയിൽ ഉത്പാദന ശേഷം വെള്ളമൊഴുകുന്നത് ഈ പുഴയിലൂടെയാണ്. ശക്തമായ കുത്തൊഴുക്കിൽ പാലത്തിന്റെ കരിങ്കല്ല് കെട്ടും, സംരക്ഷണ ഭിത്തിയും നശിച്ചിട്ട് കാലം കുറേയായി. കഴിഞ്ഞ പ്രളയ സമയത്തു കൂടുതൽ ഭാഗങ്ങൾ നശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വർഷങ്ങളുടെ പഴക്കമുള്ള പാലം പുതുക്കിപ്പണിയേണ്ട സമയം കഴിഞ്ഞിട്ടും, നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായിരുന്നില്ല.

പാലത്തിന്റെ സംരക്ഷണ ഭിത്തി നവീകരിക്കാൻ ഫണ്ട് അനുവദിച്ചതാണെന്നും, കക്കയം ജലവൈദ്യുത പദ്ധതിയിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനാലാണ് നവീകരണ പ്രവൃത്തി നടക്കാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ കാലവർഷത്തിന് മുൻപ് പാലം നവീകരിച്ചില്ലെങ്കിൽ വീണ്ടും അപകട സാധ്യത വർധിക്കുമെന്നും പിന്നീട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

പാലം അറ്റകുറ്റപണിക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സെൽഫി ജനശ്രീ കക്കയം ആവശ്യപ്പെട്ടു. ചെയർമാൻ ഡെന്നീസ് കമ്പകത്തേൽ അധ്യക്ഷത വഹിച്ചു. ജോസ് വലിയപറമ്പിൽ, അനു വല്ലയിൽ, ഷൗക്കത്ത് മായൻകുന്നത്ത്, ബിബിൻ വെളിയംകുളം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post