Trending

പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു; വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കി സർക്കാർ





വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ ഒടുവിൽ വെടിവെച്ച് കൊല്ലാൻ ഉത്തരവ്. നരഭോജി കടുവയായി പ്രഖ്യാപിച്ചു കൊണ്ടാണ് സർക്കാർ നിര്‍ണായക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. 


അഡ്വക്കറ്റ് ജനറൽ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. കടുവയെ വെടിവെച്ച് കൊല്ലാൻ ഇനി നിയമ തടസമില്ലെന്നും മന്ത്രി പറഞ്ഞു. കടുവയെ പിടികൂടാൻ വനം വകുപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപ്പോഴാണ് ഉന്നത തല യോഗം വിളിച്ചത്. കടുവ തുടർച്ചയായി ആക്രമണം നടത്തുന്നതിനാലാണ് നരഭോജി എന്ന പ്രഖ്യാപനം. 


കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയി നിരീക്ഷണം ശക്തിപ്പെടുത്തും. വന്യജീവി ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post