Trending

വൈവിധ്യമാർന്ന കണ്ടുപിടുത്തങ്ങളുടെ പുത്തൻ വാതായനം തുറന്ന് യുവശാസ്ത്രജ്ഞൻ




*നിസാം കക്കയം*✍🏿

കൂരാച്ചുണ്ട് :കുരാച്ചുണ്ടിലെ യുവശാസ്ത്രജ്ഞൻ ജോബിൻ അഗസ്റ്റിന്റെ പണിപ്പുരയിൽനിന്ന് പുറത്തിറങ്ങുന്നത് കാർഷിക യന്ത്രങ്ങളുടെ നീണ്ടനിരയാണ്. ചെലവ് കുറഞ്ഞ രീതിയിൽ ഏറ്റവും ഉപകാരപ്രദമാകും വിധം അൻപതിലധികം യന്ത്രങ്ങളാണ് ജോബിൻ കണ്ടുപിടിച്ചത്.

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ബിരുദാനന്തര ബിരുദ കാലത്താണ് കൈ കൊണ്ട് എറിഞ്ഞു പറത്താൻ പറ്റുന്ന ചെറിയ ആളില്ലാ വിമാനത്തിന് ജോബിൻ രൂപം കൊടുത്തത്. അത് ശ്രദ്ധ നേടിയതോടെ
നിത്യ ജീവിതത്തിൽ ഉപയോഗപ്രദമായ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ തുടങ്ങി. തുടർന്നാണ് കാർഷിക സംസ്കാരത്തിന്റെ അഭിവൃദ്ധിക്കായി തന്റെ ഗവേഷണങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തിലേക്ക് മാറുന്നത്.

ജാതിപത്രി, കൊപ്ര തുടങ്ങി എല്ലാവിധ കാർഷിക ഉത്പന്നങ്ങളും ഉണക്കാൻ പറ്റുന്ന മൾട്ടിപർപ്പസ് ഡ്രയർ, കോഴിക്കുഞ്ഞുങ്ങൾ ക്ക് ചൂടു കൊടുക്കുന്ന അതി നൂതന ടെക്നോളജി ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ബ്രൂഡറുകൾ, കാട്ടുമൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ ഉപയോഗിക്കാവുന്ന വൈദ്യുതി വേലിക്ക് വേണ്ട ഓട്ടോമാറ്റിക് ആൻഡ് സെമി ഓട്ടോമാറ്റിക് എനർജയിസറുകൾ, കോഴിഫാമിലെ ചകിരിച്ചോറ് വിരിക്കുന്നതിനും ഇളക്കുന്നതും കൂട്ടുന്നതിനും ഉപയോഗിക്കാൻ പറ്റുന്ന മൾട്ടിപർപസ് പൗൾട് ഫാം ട്രോളി, മിക്സർ മെഷീൻ, സ്ക്രാപർ മെഷീൻ, ഇൻഡസ്ട്രിയൽ ഹെവി ഡ്യൂട്ടി ഫാൻ എന്ന് തുടങ്ങി നിരവധി യന്ത്രങ്ങൾ ജോബിൻ നിർമ്മിച്ചിട്ടുണ്ട്.
കർഷക കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഡയറിന് ആവശ്യക്കാർ കൂടിയതോടെ വ്യത്യസ്ത വലിപ്പത്തിലുള്ള മോഡലുകൾ വ്യത്യസ്ത ക്രമീകരണങ്ങളോടെ വികസിപ്പിച്ചിട്ടുണ്ട്. കോഴി ഫാമുകളിലെ ജോലി ഭാരം നാലിലൊന്നായി ചുരുക്കുന്ന ട്രോളി മെഷീനും ശ്രദ്ധേയമാണ്. ലീറ്റർ ഇളക്കാൻ സാധിക്കുന്നതിനൊപ്പം തീറ്റ ചാക്ക് ചുമന്ന് കൊണ്ട് പോകുന്ന ഫാം ട്രോളിയായും ഇതുപയോഗപ്പെടുത്താൻ സാധിക്കും.

2014-ൽ ചെന്നൈ ലയോള കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും, കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ നിന്ന് മെഷീൻ ഡിസൈനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ജോബിൻ 2015 മുതൽ 19 വരെ ഉള്ളിയേരി എം.ഡിറ്റ് എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു. പിന്നീട് ഗവേഷണങ്ങൾക്ക് കൂടുതൽ സമയം മാറ്റിവെക്കുന്നതിനായി അധ്യാപനത്തോട് വിട പറഞ്ഞു.

2019ൽ ഡ്രീംലിഫ്റ്റ് ടെക്ക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം രൂപീകരിച്ചു. സ്ഥാപനത്തിലൂടെയാണ് ഉപകരണങ്ങളുടെ വിപണനം നടത്തുന്നത്

'ലാബിലേക്ക് സ്വാഗതം'

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് സംബന്ധമായ സംശയദൂരീകരണത്തിനും ജോബിന്‍ സമയം കണ്ടെത്തുന്നു. ശാസ്ത്രകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ലാബ് സന്ദര്‍ശിക്കാനും അവയെ സംബന്ധിച്ച് പറഞ്ഞുകൊടുക്കാനും ജോബിൻ സമയം കണ്ടെത്താറുണ്ട്. തികച്ചും സൗജന്യമായാണ് ലാബ് സന്ദര്‍ശനത്തിന് അവസരം നല്‍കുന്നത്.  

ത്രിഡി പ്രിന്റിങ്, റാപ്പിഡ് പ്രോട്ടോ ടൈപ്പിങ്, അഡ്വാന്‍സ്ഡ് സിഎന്‍സി മെഷീന്‍സ്, പലതരത്തിലുള്ള വെല്‍ഡിങ്, ബ്രേസിങ് എന്നിവയെല്ലാം പരിചയപ്പെടാന്‍ ജോബിന്റെ പരീക്ഷണശാലയില്‍ അവസരം ഒരുക്കുന്നുണ്ട്.

അറിവ് പകര്‍ന്നു കൊടുക്കാനും സംരംഭകനെന്ന നിലയില്‍ കുറച്ചു പേർക്കെങ്കിലും ജോലി നല്‍കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കർഷകനായ പാലത്തുംതലക്കൽ ജോയിയുടെയും, ബീനയുടെയും മകനായ ജോബിന്‍ പറയുന്നു.

ഇവ എലിസബത്ത്, മില എന്നിവരാണ് ജോബിന്‍ – ആര്‍ലിന്‍ ദമ്പതികളുടെ മക്കള്‍.

ജോബിൻ അഗസ്റ്റിന്റെ ഫോണ്‍: 9207043415

Post a Comment

Previous Post Next Post