വട്ടുകുളാരവാവേശം_2025..⚽🥅
✍️നിസ്സാം കക്കയം
*MATCH_NO :1*
*ഫാദിയുടെ ചുമലിലേറി ഫറോക്കിന്റെ കുതിപ്പ്*..🔥
''ഫോസ ന്യൂ സോക്കർ ഫറോക്ക് :- 1
ബ്ലാക്ക്സൺസ് തിരുവോട് -0
കേരളത്തിലെ ആദ്യ ഗ്രാമീണ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വർഷാവർഷം നടന്ന് വരുന്ന കാൽപന്ത് മാമാങ്കത്തിന് ഉജ്ജ്വല തുടക്കം..!
താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു.കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായിരുന്നു. ടൂർണമെന്റ് രക്ഷാധികാരിയും ഇടവക വികാരിയുമായ ഫാ.ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സിമിലി ബിജു, ജെസി ജോസഫ്, ഡാർളി പുല്ലംകുന്നേൽ, ടൂർണമെന്റ് സെക്രട്ടറി അനു കടുകൻമാക്കൽ, ബിന്ദു മേരി പോൾ, സജി അഗസ്റ്റിൻ, ഫാ.ജിയോ സണ്ണി കടുകൻമാക്കൽ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തിന് മുന്നോടിയായി പള്ളിമുറ്റത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര അക്ഷരാർഥത്തിൽ വർണമേളങ്ങളുടെ താളഘോഷമായിരുന്നു. മുത്തുകുടയേന്തിയ യുവതികളും വർണബലൂണകളേന്തിയ യുവാക്കളും ജൂബിലി സ്റ്റേഡിയത്തെ നിറക്കൂട്ടിൽ ആറാടിച്ചു. ദ്രുതതാളങ്ങളുടെ ഹർഷവേഗവുമായി കല്ലാനോട് സെന്റ് മേരീസ് ഹൈസ്ക്കൂളിന്റെ സ്വന്തം ബാൻഡ് സെറ്റ് ടീം കാണികളെ ആവേശത്തിൻടെ കൊടുമുടിയിലെത്തിച്ചു.
കുറച്ചു വർഷങ്ങളായി കൂരാച്ചുണ്ടിലെ ടീമുകളെ പോലെ തന്നെ മലയോരത്തെ ജനങ്ങൾ സ്വന്തം ടീമുകളിലൊന്നായി ഏറ്റെടുത്ത വട്ടുകുളത്തിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളിൽ പേരെഴുതി ചേർത്ത ബ്ലാക്സൺസ് തിരുവോടും ,കോഴിക്കോടൻ കരുത്തൻമാരായ ഫറോക്കും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.
തിരുവോടിന്റെ ഒരു താരത്തെ മാറ്റി നിർത്തിയാൽ രണ്ട് ടീമുകളിലും മലയാളിത്തത്തിനൊപ്പം യുവത്വത്തിന്റെ പ്രസരിപ്പും നിറഞ്ഞു നിന്നിരുന്നു.
തിരുവോടിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് തുടക്കമായത്. കളിയുടെ നാലാം മിനിറ്റിൽ ഗോൾ എന്നുറപ്പിച്ച ഒരു സുവർണാവസരം ഫറോക്കിന്റെ ബോക്സിനകത്ത് ലഭിച്ചിരുന്നുവെങ്കിലും വല കുളിക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ ജഴ്സി നമ്പർ 11 ഫാദി മനോഹരമായ ഒരു ഫ്രീകിക്ക് ഗോളോടെ ഫറോക്കിനെ മുന്നിലെത്തിച്ചു. പിന്നീട് ആദ്യ പകുതി അവസാനിക്കും വരെ ഫറോക്കിന്റെ മുന്നേറ്റങ്ങൾ തുടർന്നുവെങ്കിലും ആദ്യ പകുതി 1=0ത്തിന് അവസാനിക്കുകയായിരുന്നു. ഫറോക്കിന്റെ യുവത്വത്തെ കീഴ്പെടുത്താൻ തിരുവോട് താരങ്ങൾ പരുക്കൻ അടവുകളിലേക്ക് നീങ്ങിയതോടെ റഫറിക്ക് ആദ്യ പകുതിയിൽ തന്നെ മൂന്ന് മഞ്ഞ കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു.
രണ്ടാം പകുതിയിൽ മുറിവേറ്റ സിംഹങ്ങളെ ഫറോക്കിന്റെ ഗോൾ മുഖത്ത് തിരുവോടിന്റെ തുടരെ തുടരെയുള്ള മുന്നേട്ടങ്ങൾക്കാണ് ഗ്യാലറി സാക്ഷ്യം വഹിച്ചത്. എന്നാൽ ഗോൾ പോസ്റ്റിനു കീഴിൽ കാവൽ മാലാഖയെ പോലെ ഫറോക്ക് ഗോൾ കീപ്പർ ചുവടുറപ്പിച്ചതോടെ ഗോൾ മാത്രം വിട്ടു നിന്നു. ഭാഗ്യവും ഫറോക്കിന് അനുകൂലമായി. തിരുവോടിന്റെ ജഴ്സി നമ്പർ 4 ശരത് ചുവപ്പ് കാർഡ് കിട്ടി പുറത്ത് പോയതോടെ 10 പേരിലേക്ക് ടീം ചുരുങ്ങിയെങ്കിലും തിരുവോടിന്റെ പോരാട്ടവീര്യം പതിന്മടങ്ങായി വർധിക്കുന്നതാണ് കണ്ടത്. 11നേക്കാൾ വലുതാണ് 10 എന്ന് തോന്നിപ്പിക്കും പോലെ ഫറോക്കിന്റെ ഗോൾ മുഖം തിരുവോട് വിറപ്പിച്ചു കൊണ്ടിരുന്നു. അർഹമായ പെനാൽറ്റിയാണ് തിരുവോടിന് നഷ്ടപ്പെട്ടതെന്ന് കാണികൾ അടക്കം പറയുന്നുണ്ടായിരുന്നു.
മത്സരത്തിനിടെ പരിക്ക് പറ്റിയ ഫറോക്ക് ടീം അംഗത്തിനെ ആശുപത്രിയിലേക്ക് മാറ്റാൻ സണ്ണി സാർ നിർദേശം കൊടുക്കുന്നുണ്ടായിരുന്നു. മുഖത്തെ എല്ലിന് പരിക്ക് പറ്റിയത് കൊണ്ട് വാ തുറക്കാൻ പ്രയാസം നേരിടുന്നത് കൊണ്ട് എക്സറേയും മറ്റും അനിവാര്യമെന്ന് തോന്നുന്നു.
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഉദ്ഘാടന മത്സരത്തിൽ വിജയം നേടാൻ സാധിച്ചത് ഫറോക്ക് ടീം അംഗങ്ങൾ ആഘോഷമാക്കി.
നല്ല മത്സരം കാഴ്ച വെച്ചിട്ടും തോറ്റു പോയതിന്റെ നിരാശ തിരുവോടിന്റെ ടീം ബെഞ്ചിൽ പ്രകടമായിരുന്നു.
മത്സര ശേഷം റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് തിരുവോട് ടീം മാനേജ്മെന്റും, കളിക്കാരും റഫറിമാരുടെ നേർക്ക് തിരിഞ്ഞെങ്കിലും ടൂർണമെന്റ് കമ്മിറ്റിയുടെ ഇടപെടൽ രംഗം ശാന്തമാക്കി.
ഓരോ മത്സരത്തിലെയും മികച്ച താരത്തിന് *PLAYER OF THE MATCH* ട്രോഫി നൽകിയിരുന്നുവെങ്കിൽ ഇന്ന് അർഹനാവുക മിന്നും ഗോൾ നേടിയതിനൊപ്പം ഫറോക്കിന്റെ മുന്നണി പോരാളിയുമായിരുന്ന ഫാദി ആയിരുന്നു എന്നാണ് എന്റെ ഒരിത്..!
അഭിനന്ദനങ്ങൾ ടീം ഫറോക്ക്...പോരാട്ടവീര്യത്തിന് ബിഗ് സല്യൂട്ട് ടീം തിരുവോട്..👏🏼
നാളത്തെ കളി:
*MYC കക്കയം*
V/S
*FC അരീക്കോട്*