കൂരാച്ചുണ്ട് : പഞ്ചായത്ത് ഏഴാംവാർഡ് കല്ലാനോടിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച. നാലുപവൻ സ്വർണവും 5000 രൂപയുമാണ് ത്രേസ്യാമ്മ കിഴക്കുംപുറത്തിന്റെ വീട്ടിൽനിന്ന് മോഷണംപോയത്. വീട്ടുടമസ്ഥ കഴിഞ്ഞ ഞായറാഴ്‌ച കക്കയത്തുള്ള സഹോദരന്റെ വീട്ടിൽ പോയതായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിൻ്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ചനിലയിലും അലമാരകളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അലമാരയിൽനിന്ന് സ്വർണവും പണവും നഷ്ട്‌ടപ്പെട്ടെന്നറിഞ്ഞത്.
വീട്ടിൽനിന്ന് മണംപിടിച്ച് സമീപത്തെ തോടിന്റെ സൈഡിലൂടെ പോയ ഡോഗ് സ്ക്വാഡ് കല്ലാനോട് സംയോജിത കയർ വ്യവസായ സൊസൈറ്റിയുടെ കെട്ടിടത്തിന്റെ പരിസരത്തുവരെ പോയി തിരിച്ചുവരുകയായിരുന്നു. സമീപത്തെ വീടുകളിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്