*കല്ലാനോട്:* 29 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിലേക്കെത്തിയ സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പ്
അവിസ്മരണീയമാക്കി കല്ലാനോട്. ബോസ് പള്ളിവാതുക്കലിന്റെ സ്പോൺസർഷിപ്പോടെ സെന്റ് മേരീസ് സ്പോർട്സ് അക്കാദമി ആതിഥേയത്വം വഹിച്ച ചാമ്പ്യൻഷിപ്പ് പ്രൊഫഷണൽ മികവോടെ പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകർ.
അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് കല്ലാനോട്ടുകാർ ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ഇവർക്കൊപ്പം ജനപ്രതിനിധികൾ, അക്കാദമി ഭാരവാഹികൾ, സെന്റ് മേരീസ് സ്കൂൾ അധ്യാപകർ- അനധ്യാപകർ- വിദ്യാർത്ഥികൾ, പിടിഎ കമ്മിറ്റി അംഗങ്ങൾ, സ്വാഗതസംഘം മെമ്പർമാർ, നാട്ടുകാർ എന്നിവരുടെ സഹകരണം കൂടിയായപ്പോൾ ചാമ്പ്യൻഷിപ്പ് മറക്കാനാവാത്ത അനുഭവമായി.
ഹയർ സെക്കണ്ടറി- ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ
കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും എല്ലാവിധ സൗകര്യങ്ങളോടും കൂടി സുരക്ഷിത താമസം ഒരുക്കി.
പരിചയസമ്പനരായ നാട്ടുകാരുടെ നേതൃത്വത്തിൽ പാരീഷ് ഹാളിലായിരുന്നു ഭക്ഷണശാല. മത്സരം നടക്കുന്ന റോഡുകൾ ക്രമീകരിക്കാൻ
വോളന്റിയർമാർക്കൊപ്പം ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, വ്യാപാരികൾ എന്നിവരും സജീവമായി രംഗത്തിറങ്ങി.
മത്സരങ്ങൾ സമയബന്ധിതമായി നടത്തിയ അത് ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന- ജില്ലാ ഒഫീഷ്യലുകൾ ചാമ്പ്യൻഷിപ്പിന്റെ വിജയത്തിൽ വഹിച്ച പങ്ക് വലുതാണ്. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ഡാൻസ്- മ്യൂസിക് ഷോയും ബാൻഡ് സെറ്റ്- SPC ടീമുകളുടെ പെർഫോമൻസും കൂടിയായത്തോടെ ചാമ്പ്യൻഷിപ്പ് അക്ഷരാർത്ഥത്തിൽ കിടിലോകിടിലമായി.