*കല്ലാനോട്:* മലയോര കുടിയേറ്റ മേഖലയിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക്
ആദ്യാക്ഷരം പകർന്നുനൽകിയ
കല്ലാനോട് സെന്റ് മേരീസ് എൽപി സ്കൂൾ വിജയവീഥിയിൽ അഭിമാനകരമായ 75 വർഷങ്ങൾ പിന്നിടുന്നു. വാർഷികാഘോഷവും പ്രധാനധ്യാപകൻ സജി അഗസ്റ്റിനുള്ള യാത്രയയപ്പും നാളെ വൈകിട്ട് 6ന് സ്കൂൾ അങ്കണത്തിൽ നടക്കും.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസഫ് ചുണ്ടയിൽ അധ്യക്ഷത വഹിക്കും.
ഫാ. ജോസഫ് പന്നിക്കോട്ട് ഇടവക വികാരി ആയിരിക്കുമ്പോൾ 1947ൽ
ആഗസ്തി കിഴുക്കരക്കാട്ട് ഗുരുനാഥനായി കുടിപള്ളികൂടം ആരംഭിച്ചു.1949ൽ എൽപി സ്കൂൾ ആരംഭിച്ചു. സിഎം ഫ്രാൻസിസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്ന് മുതൽ 4 വരെയുള്ള ക്ലാസ്സുകളിലേക്ക് 203 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ടിജെ കുര്യൻ തോട്ടത്തിലാണ് ഒന്നാമത്തെ നമ്പറായി സ്കൂൾ രജിസ്റ്ററിൽ പേര് ചേർത്തിരിക്കുന്നത്.
120 അടി നീളവും 20 അടി വീതിയുമുള്ള ഓടിട്ട കെട്ടിടം 1950 ഏപ്രിലിൽ പണിതീർത്തു. മെയ് മാസത്തെ
ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടം നിലം പൊത്തി. നിരാശരാകാതെ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ സെന്റ് മേരീസ് ഹാളെന്ന് അറിയപ്പെടുന്ന കെട്ടിടമുണ്ടാക്കി സ്കൂൾ പ്രവർത്തനം
പുനരാരംഭിച്ചു. 1955ൽ ഫാ. ബ്രോക്കാഡ് വികാരിയായിരിക്കുമ്പോൾ പണിതീർത്ത കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. കലാ- കായിക- സാഹിത്യ രംഗത്ത് പ്രശസ്തരായ നിരവധി പ്രതിഭകൾ ഈ സ്കൂളിന്റെ
സംഭാവനയാണ്.
വാർഡ് മെമ്പർമാരായ സിമിലി ബിജു, അരുൺ ജോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്, നഴ്സറി സ്കൂൾ പ്രിൻസിപ്പാൾ സി. ആൻഗ്രേസ്, പിടിഎ പ്രസിഡന്റ് ജോബി കടുകന്മാക്കൽ,
എംപിടിഎ പ്രസിഡന്റ് അരുണ ജോൺസ്, സ്കൂൾ ലീഡർ ബേസിൽ ബ്രിജേഷ് എന്നിവർ പ്രസംഗിക്കും. അധ്യാപിക ബെറ്റി കെ ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടീന നന്ദിയും പറയും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.