Trending

ഒരുക്കങ്ങൾ ഫൈനൽ സ്റ്റേജിൽ: മലയോരത്തിന്റെ ലോകകപ്പിന് 23ന് ഫസ്റ്റ് വിസിൽ




39മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് ജനുവരി 23 വ്യാഴാഴ്ച വൈകിട്ട് 4.30ന് താമരശ്ശേരി രൂപത ബിഷപ് മാർ
റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റ് രക്ഷാധികാരി, കല്ലാനോട്‌ പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിക്കും. കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥി ആയിരിക്കും.
ആദ്യമത്സരത്തിൽ ബ്ലാക്‌സൺസ് തിരുവോടും ഫോസ ന്യൂ സോക്കർ ഫറോക്കും തമ്മിലാണ് മത്സരം.

ഫാ. സെബാസ്റ്റ്യൻ പൂക്കളം സെൻറ് മേരീസ് പള്ളി വികാരി ആയിരിക്കുമ്പോൾ 1983ലാണ് വട്ടുകുളത്തച്ചന്റെ ഓർമയ്ക്കായി ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിക്കുന്നത്.

1957മുതൽ 1967വരെ പത്ത് വർഷക്കാലം കല്ലാനോട് പള്ളി വികാരിയായിരുന്നു ഫാ. ജോർജ് വട്ടുകുളം. കല്ലാനോട്ട് ഇന്നുള്ള പള്ളിയുടെ രൂപരേഖ നിർദേശിച്ചതും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവെച്ചതും അച്ചനാണ്. കൂടുതൽ സ്ഥലം വാങ്ങി പള്ളിപറമ്പ് വിസ്തൃതമാക്കുന്നതിനും കൃഷിയാരംഭിക്കുന്നതിനും അച്ചൻ മുൻകൈയെടുത്തു.

കർമകുശലതയോടെ അച്ചൻ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് കല്ലാനോട് ഹൈസ്കൂൾ അനുവദിച്ചു കിട്ടിയത്. കേരളത്തിലെ ആദ്യത്തെ ഗ്രാമീണ സ്റ്റേഡിയമെന്ന് അറിയപ്പെടുന്ന ജൂബിലി സ്റ്റേഡിയത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയ വട്ടുകുളത്തച്ചൻ കായിക മേഖലയോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു.

തിരുഹൃദയമഠം, സർവീസ് സഹകരണ ബാങ്ക്, ചൂരൽ സൊസൈറ്റി, പോസ്റ്റോഫീസ് എന്നിവ ആരംഭിക്കുന്നതിൽ വട്ടുകുളത്തച്ചൻ വഹിച്ച നേതൃത്വപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല.
1967ൽ അച്ചൻ വയനാട്ടേക്ക് സ്ഥലം മാറിപ്പോയി. കാഞ്ഞങ്ങാടിനടുത്ത് കൊട്ടോടി സെൻറ് സേവ്യർ പള്ളി വികാരി ആയിരിക്കുമ്പോൾ 1970 ഓഗസ്റ്റ് 28ന് മരണമടഞ്ഞു.

Post a Comment

Previous Post Next Post