കൂരാച്ചുണ്ട് : ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളുടെയടക്കം വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിലെ കാടുകൾ അപകടഭീഷണിയായി മാറിയിട്ടും വെട്ടിമാറ്റാൻ നടപടിയില്ല. ജില്ലയിലെ പ്രധാന വിനോദസഞ്ചാരമേഖലയിലേക്കുള്ള തോണിക്കടവ്-കരിയാത്തുംപാറ റോഡിനിരുവശവുമാണ് കാടുമൂടിക്കിടക്കുന്നത്.
ഒരാൾപ്പൊക്കത്തിൽ വളർന്നുനിൽക്കുന്ന കാടുകൾ പലയിടത്തും റോഡിലേക്കു ചെരിഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ മറികടക്കുമ്പോൾ ഇരുചക്രവാഹനയാത്രക്കാർക്ക് ഇത് ഭീഷണിയാകുന്നു. ടൂറിസത്തിൻ്റെ ഭാഗമായി വിനോദസഞ്ചാരികളോട് ടിക്കറ്റ് ഇനത്തിൽ തോണിക്കടവ്-കരിയാത്തുംപാറ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി പണംവാങ്ങിയിട്ടും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയിൽപ്പോലും സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. പ്രദേശവാസികളും വിവിധ സംഘടനകളുമാണ് എല്ലാത്തവണയും റോഡരികിലെ കാടുവെട്ടിമാറ്റാറുള്ളത്. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ്കേന്ദ്രത്തിലേക്ക് ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. റോഡിനിരുവശവും കാടുമൂടിയത് കാരണം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സാധിക്കാത്തതിനാൽ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.