പേരാമ്പ്ര : ജോലിതേടി പോയപ്പോൾ കംബോഡിയയിൽ സൈബർത്തട്ടിപ്പുകാരുടെ സ്ഥാപനത്തിൽ അകപ്പെട്ട പേരാമ്പ്ര കൂത്താളി പനക്കാട് താഴെപുരയിൽ അബിൻ ബാബു (25) വീട്ടിൽ തിരിച്ചെത്തി. മകന് എന്തുസംഭവിച്ചെന്ന് ആശങ്കയോടെ കഴിഞ്ഞിരുന്ന മാതാപിതാക്കൾക്ക് സുരക്ഷിതനായി അബിൻ നാട്ടിലെത്തിയപ്പോൾ അതിരില്ലാത്ത സന്തോഷമായി. താമസിച്ചിരുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി അവർ വഴിയാണ് നാട്ടിലെത്തിയത്. ഒക്ടോബർ ഏഴിനാണ് അബിൻ നാട്ടിൽനിന്നുപോയത്. ജോലി ശരിയാക്കിനൽകാമെന്ന് പറഞ്ഞവർ തായ്ലാൻഡിലെ ബാങ്കോക്കിലെക്കെന്ന് പറഞ്ഞുകൊണ്ടുപോയി അവിടെനിന്നാണ് കംബോഡിയയിലേക്ക് എത്തിച്ചത്.
അബിൻ ബാബുവിനെ തിരികെയെത്തിക്കാനായി വീട്ടുകാർ മുഖ്യമന്ത്രിക്കും കേന്ദ്രസർക്കാരിനുമൊക്കെ പരാതി നൽകി കാത്തിരിക്കുകയായിരുന്നു. യുവാവിന് ഒപ്പം കേരളത്തിൽനിന്നുപോയിരുന്ന ഏഴുപേർ രക്ഷപ്പെട്ട് ഇന്ത്യൻ എംബസി വഴി നേരത്തേ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ആ സമയത്ത് അബിൻ ബാബുവിന് രക്ഷപ്പെട്ടുമടങ്ങാൻ കഴിഞ്ഞിരുന്നില്ല. സൈബർത്തട്ടിപ്പ് ഉൾപ്പടെ നിയമവിരുദ്ധപ്രവർത്തനം നടത്തുന്ന സ്ഥാപനത്തിലാണ് ഇവർക്കെല്ലാം ജോലിചെയ്യേണ്ടിവന്നത്.
അബിൻ ബാബുവിനെ തട്ടിക്കൊണ്ടുപോയതിന് പിതാവ് ബാബു നൽകിയ പരാതിയിൽ നാലാളുടെപേരിൽ പേരാമ്പ്ര പോലീസ് നേരത്തേ കേസെടുത്തിരുന്നു. തെക്കെമലയിൽ അനുരാഗ്, സെമിൽ എന്നിവർക്കും കണ്ടാലറിയുന്ന രണ്ടാളുടെപേരിലുമാണ് കേസെടുത്തത്. ബാങ്കോക്കിൽ ജോലി ശരിയാക്കിത്തരാം എന്നുവിശ്വസിപ്പിച്ച് ഒക്ടോബർ ഏഴിന് രാത്രി എട്ടോടെ ഒന്നാം പ്രതി അനുരാഗിന്റെ നിർദേശപ്രകാരം രണ്ടാംപ്രതി സെമിൽ അബിൻബാബുവിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
Source :Mathurbhumi
Tags:
Latest