✍🏿 *നിസാം കക്കയം*
കൂരാച്ചുണ്ട് : തുടർച്ചയായ മൂന്നാം സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിലും കേരളത്തിനായി ഗോൾ സ്കോർ ചെയ്ത് കൂരാച്ചുണ്ട് സ്വദേശി അർജുൻ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ലക്ഷദ്വീപിനെതിരെ തകർപ്പൻ ജയത്തോടെയാണ് കേരളം ഫൈനൽ റൗണ്ട് സാധ്യതകൾ സജീവമാക്കിയത്. മറുപടിയില്ലാത്ത പത്ത് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം.
ഇ.സജീഷ് ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തിൽ മുഹമ്മദ് അജ്‌സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടി. നസീബ് റഹ്‌മാൻ, മുഹമ്മദ് മുഷറഫ് എന്നിവർക്കൊപ്പം അർജുനും കേരളത്തിനായി ഒരു ഗോൾ സ്കോർ ചെയ്തു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിലാണ് പകരക്കാരനായി വന്ന അർജുൻ കിടിലനൊരു ലോങ് റേഞ്ചറിലൂടെ ലക്ഷദ്വീപ് വലകുലുക്കിയത്.
ഏഴാം ക്ലാസ് മുതൽ വിവിധ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന അർജുൻ തുടർച്ചയായി മൂന്നാം വർഷമാണ് ടീമിലിടം നേടുന്നതും ഗോൾ സ്കോർ ചെയ്യുന്നതും.
ആദ്യ മത്സരത്തിൽ റെയിൽവേസിനെ ഒരു ഗോളിന് തോൽപ്പിച്ച കേരളം രണ്ടാം ജയത്തോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്‌ച പുതുച്ചേരിക്കെതിരെയാണ് അടുത്ത മത്സരം. ഈ മത്സരത്തിൽ കേരളത്തിന് സമനില നേടിയാൽ മതി. ഡിസംബർ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് തുടങ്ങുന്നത്.