കൂരാച്ചുണ്ട് : കക്കയം ഫോറസ്റ്റ് സ്റ്റേഷൻ
കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോൺസ് സേനയുടെ ഓഫീസ് പ്രവർത്തനമാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട് തുടങ്ങിയ മലയോരപഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ വന്യമൃഗ- മനുഷ്യ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇത് ഉപകാരപ്പെടും.
കാടിറങ്ങുന്ന ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാടിനുള്ളിൽത്തന്നെ നിലനിർത്താൻ പലപ്പോഴും വനംവകുപ്പിന് സാധിക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് തിരിച്ചടിയാകുന്നത്.
മലയോരമേഖലകളിൽ പലപ്പോഴും ജനവാസമേഖലകളിലടക്കം വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ മാർച്ച് അഞ്ചിന് കൃഷിയിടത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കർഷകനായ അബ്രഹാം പാലാട്ടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂരാച്ചുണ്ട് അങ്ങാടിയിൽ കുറച്ചുമാസങ്ങൾക്ക് മുൻപ് പട്ടാപ്പകൽ കാട്ടുപോത്തിറങ്ങുന്ന
സാഹചര്യവുമുണ്ടായിരുന്നു.
കക്കയം ഡാംസൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവും ഈ വർഷം ഉണ്ടായിട്ടുണ്ട്. കടുവ, പുലി തുടങ്ങിയവയുടെ സാന്നിധ്യവും പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നതരത്തിൽ രാജവെമ്പാലയടക്കമുള്ള പാമ്പുകളും മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, മുപ്പതാംമൈൽ, തൂവക്കടവ്, മണ്ടോപ്പാറ മേഖലകളിലും ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, കൂവപ്പൊയിൽ, ചെമ്പനോട, മുതുകാട് പ്ലാന്റേ്റേഷൻ പ്രദേശങ്ങളിലും കാട്ടാനകളുംമറ്റും കാർഷികവിളകൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്.
വേനൽക്കാലങ്ങളിൽ ഇത് കൂടിവരാറാണുള്ളത്. ഇത്തരത്തിലുള്ള വന്യമൃഗ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ 40 കിലോമീറ്റർ ദൂരെയുള്ള താമരശ്ശേരി ആർ.ആർ.ടി. സംഘമാണ് എത്താറുള്ളത്. എന്നാൽ, വയനാട് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ ഈ ടീമിൻ്റെ സേവനം ഉപയോഗപ്പെടുത്തുന്ന സാഹചര്യമുള്ളതിനാൽ കൃത്യസമയത്ത് ഈ മേഖലകളിൽ എത്താൻ ഇവർക്ക് സാധിക്കാറില്ല.
ജനവാസമേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കുന്നതും കാടിനുള്ളിൽ നിലനിർത്തുന്നതുമെല്ലാം വനംവകുപ്പിലെ പ്രത്യേകവിഭാഗമായ ആർ.ആർ.ടി. യൂണിറ്റിന്റെ ചുമതലയാണ്.
സ്ഥലവും കെട്ടിടവുമൊക്കെയുള്ള കക്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം ആർ.ആർ.ടി. സേനയ്ക്ക് ഓഫീസ് സ്ഥാപിക്കാൻ നടപടിസ്വീകരിച്ചാൽ കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ കാരണം കൃഷിക്കും ജീവനും ഭീഷണിനേരിടുന്ന മലയോരകർഷകർക്കും ജനങ്ങൾക്കും ഉടൻ സഹായം ലഭ്യമാക്കാൻ സാധിക്കും. മനുഷ്യജീവനും കാർഷികവിളകളും സംരക്ഷിക്കാൻ ആർ.ആർ.ടി. ഓഫീസ് അനുവദിക്കുന്നതിന് അധികൃതരും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യമുയരുന്നത്.