Trending

ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അഭ്യൂഹം



*നീക്കം തടയുമെന്ന് സംഘടനകൾ

*മൊബൈൽ റേഞ്ച് ഇല്ലാത്തത് കാരണം ഓൺലൈൻ ഇടപാടിലേക്ക് മാറാൻ സാധിക്കുന്നില്ലെന്ന് വനംവകുപ്പ്

✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് റോഡരികിൽ കക്കയം വാലിക്ക് സമീപം പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള നീക്കം ഉയർന്നതോടെ പ്രതിഷേധവുമായി സംഘടനകൾ രംഗത്തെത്തി. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെയും കർഷക സംഘടനകളുടെയും മാസങ്ങൾ നീണ്ട വിവിധ സമര പരമ്പരകൾക്ക് ശേഷമാണ് കക്കയം അങ്ങാടിക്ക് സമീപം പ്രവർത്തിച്ച് കൊണ്ടിരുന്ന ടിക്കറ്റ് കൗണ്ടർ കക്കയംവാലിക്ക് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നത്. കക്കയം അങ്ങാടിയിൽ നിന്ന് നാല് കിലോമീറ്റർ ദൂരെയുള്ള എട്ടാം പാലത്തിന് സമീപത്തേക്ക് കൗണ്ടർ മാറ്റാനാണ് നീക്കം നടക്കുന്നത്.

'ഓൺലൈൻ സംവിധാനത്തിലേക്ക് മാറാൻ സാധിക്കുന്നില്ല'

നിലവിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന മേഖലയിൽ മൊബൈൽ റേഞ്ച് ലഭിക്കാത്തതാണ് ടിക്കറ്റ് കൗണ്ടർ മാറ്റുന്നത് ആലോചിക്കാനുള്ള കാരണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം ഓൺലൈൻ സംവിധാനത്തിലേക്ക് മാറികൊണ്ടിരിക്കുമ്പോൾ റേഞ്ച് ഇല്ലാത്തത് കാരണം കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഓൺലൈൻ സംവിധാനം കൊണ്ട് വരാൻ സാധിച്ചിരുന്നില്ല. ഓൺലൈൻ ടിക്കറ്റ് നൽകുന്നതിനാവശ്യമായ ഉപകരണങ്ങൾ ഒരു മാസം മുമ്പേ എത്തിയിരുന്നുവെങ്കിലും റേഞ്ച് ഇല്ലാത്തത് കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. പരമാവധി ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി റേഞ്ച് ലഭിക്കുന്നയിടത്തെ ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിക്കുകയല്ലാതെ പോംവഴിയില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

ജനവാസ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ട് വന്നാൽ തടയും

വർഷങ്ങൾക്ക് മുമ്പ് വിഫാം ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെയും നാട്ടുകാരുടെയും നിരന്തര സമരങ്ങളുടെ ഭാഗമായാണ് ജനവാസ കേന്ദ്രത്തിൽ നിന്ന് ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിച്ചിരുന്നത്. പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം നേരിടുന്ന സാഹചര്യം വന്നപ്പോഴാണ് സമരവുമായി രംഗത്തിറങ്ങിയത്. വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് ടിക്കറ്റ് കൗണ്ടർ മാറ്റാനുള്ള നീക്കവുമായി വനം വകുപ്പ് മുന്നോട്ട് പോയാൽ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വിഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു. വിനോദ സഞ്ചാരികൾക്ക് ഉൾപ്പടെ ടൂറിസം മേഖലയിൽ മൊബൈൽ റേഞ്ച് ഇല്ലാത്ത സാഹചര്യത്തിൽ ഡാം സൈറ്റ് മേഖലയിൽ റേഞ്ച് ലഭിക്കുന്നതിനാവശ്യമായ നടപടികളാണ് ഇക്കോ - ഹൈഡൽ ടൂറിസം അധികൃതർ ചെയ്യേണ്ടതെന്നും വിഫാം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.ടി.തോമസ് വെളിയംകുളം അധ്യക്ഷത വഹിച്ചു. ജോയ് കണ്ണഞ്ചിറ, സുമിൻ എസ് നെടുങ്ങാടൻ, ജിജോ വട്ടോത്ത്, സണ്ണി കൊമറ്റം, രാജു പൈകയിൽ, ജോൺസൺ തേൻവില്ല, സണ്ണി പാരഡൈസ്, കുര്യൻ ചെമ്പനാനി എന്നിവർ സംസാരിച്ചു.

കൗണ്ടർ ജനവാസ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഡാം സൈറ്റ് മേഖലയിലേക്ക് ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിക്കണമെന്നും മാനസ കക്കയം യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോൺസൻ കക്കയം അധ്യക്ഷത വഹിച്ചു. വി.ടി.തോമസ്, നിസാം കക്കയം, സുനിൽ പാറപ്പുറം, തോമസ് പോക്കാട്ട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post