കക്കയം : അമ്പലക്കുന്ന് നഗറിലെ കുടുംബങ്ങൾ ഉൾപ്പെടെ ഒട്ടേറെയാളുകൾ ആശ്രയിക്കുന്ന കക്കയം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയകെട്ടിടത്തിൻ്റെ നിർമാണം അവസാനഘട്ടത്തിൽ. കേന്ദ്രസർക്കാരിന്റെ എൻ.എച്ച്.എം. ഫണ്ടായ 1.43 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടനിർമാണം പുരോഗമിക്കുന്നത്. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത് കെ.എസ്.ഇ.ബി. ഭൂമിയിലെ പഴയകെട്ടിടത്തിലാണ്.
കെ.എസ്.ഇ.ബി.യുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിനായി ഫണ്ട് അനുവദിക്കാൻ ആരോഗ്യവകുപ്പിന് സാങ്കേതിക തടസ്സമുണ്ടായിരുന്നു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായി വ്യവസ്ഥകൾക്ക് വിധേയമായാണ് ഭൂമി വിട്ടുനൽകാൻ കെ.എസ്.ഇ.ബി. തയ്യാറായത്. ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ചും പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനെക്കുറിച്ചും മാതൃഭൂമി വാർത്തനൽകിയിരുന്നു. കെ.എം. സച്ചിൻദേവ് എം.എൽ.എ. രണ്ടുതവണ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. പി.എച്ച്.സി.ക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ വർഷങ്ങൾക്കുമുൻപ് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും 2022 നവംബറിലാണ് നിർമാണത്തിന് അനുമതി ലഭ്യമായത്. രണ്ടുമാസംകൊണ്ട് പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൊവ്വാഴ്ച എച്ച്.എം.സി. മീറ്റിങ്ങിനുശേഷം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു.